ഉത്രയുടെ കൊലപാതകം; ഭര്‍ത്താവ് സൂരജിനെ മാത്രം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു

single-img
13 August 2020

വിഷമുള്ള മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് കൊലചെയ്ത കേസിൽ ഭർത്താവ് സൂരജിനെ മാത്രം പ്രതിയാക്കി അന്വേഷണ സംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. അതേസമയം ഗാര്‍ഹിക പീഡനത്തിനുള്ള കുറ്റപത്രം ഉടന്‍ തന്നെ സമര്‍പ്പിക്കും. മുന്നൂറോളം രേഖകളും 252 സാക്ഷികളും ഉള്‍പ്പെടുന്ന ആയിരം പേജുള്ള കുറ്റപത്രത്തിൽ കൊലപാതകം, കൊലപാതക ശ്രമം, ഗുരുതരമായി പരുക്ക് ഏല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് സൂരജിന് എതിരെ ചുമത്തപ്പെട്ടത്.

കേസിൽ രണ്ടാമത്തെ പ്രതിയായ പാമ്പ് പിടിത്തകാരന്‍ സുരേഷിന് മുൻപ് കോടതി മാപ്പ് സാക്ഷി ആക്കിയിരുന്നു. കൊട്ടാരക്കര റൂറല്‍ എസ്സ്പി എസ്സ് ഹരിശങ്കറിന്‍റെ മേല്‍ നോട്ടത്തില്‍ കേസ് അന്വേഷിച്ച ജില്ലാ ക്രൈബ്രാഞ്ച് സംഘം ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച രീതി പുനരാവിഷ്‍കരിച്ച് ശാസ്ത്രീയ തെളിവെടുപ്പുകള്‍ വരെ നടത്തിയിരുന്നു.

അന്വേഷണ സംഘത്തെ സഹായിക്കാന്‍ വനം, ആരോഗ്യം വകുപ്പുകളില്‍ നിന്നുള്ള വിദഗ്ദരുംഉൾപ്പെട്ടിരുന്നു. മരണത്തിന് മുൻപ് രണ്ട് പ്രാവശ്യമാണ് ഉത്രക്ക് പാമ്പ് കടിയേല്‍ക്കുന്നത്. അവയും സൂരജ് കരുതിക്കൂട്ടി പണം തട്ടുന്നതിന് വേണ്ടി നടത്തിയതാണ് എന്ന് കുറ്റപത്രത്തില്‍പറയുന്നു.അതേസമയം കൊലപാതക ശ്രമത്തിലും കൊലപാതകത്തിലും മറ്റുള്ളവരുടെ പങ്കുള്ളതായി കുറ്റപത്രത്തിൽ പറയുന്നില്ല.

രണ്ട് തവണയും ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുന്‍പ് സൂരജ് ഗുളികകള്‍ നല്‍കി മയക്കിയിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ആദ്യ ശ്രമത്തിൽ അണലിയെ കൊണ്ട് കടിപ്പിച്ച് പരിക്കിന് ചികിത്സിക്കുന്നതിനിടയിലാണ് മെയ് ആറിന് മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് ഉത്രയെ സൂരജ് കൊലപ്പെടുത്തിയത്.