ട്രംപിനറിയാവുന്ന പണി പരിഹസിക്കല്‍ മാത്രം; ബൈഡൻ

single-img
13 August 2020

അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനും തമ്മിലുള്ള വാക്ക് പോര് മുറുകുകയാണ് .യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായ കമല ഹാരിസിനെ പരിഹസിച്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ രംഗത്തുമെത്തി കഴിഞ്ഞു . കമലയെ പരിഹസിച്ച ട്രംപിന്റെ നടപടി മോശമാണെന്ന് ബൈഡന്‍ തുറന്നടിക്കുകയായിരുന്നു . ട്രംപിന് അറിയാവുന്ന പണി പരിഹസിക്കല്‍ മാത്രമാണെന്ന് പറഞ്ഞ ബൈഡന്‍ ഇത് തരംതാണതാണെന്നും കൂടി ഓര്‍മിപ്പിച്ചു. കമലയുമൊത്തുള്ള ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് ബൈഡന്‍ ട്രംപിനെ രൂക്ഷ വിമര്‍ശനവുമായി എത്തിയത്.

കാപട്യക്കാരിയും തീവ്ര ഇടതുവാദിയുമാണ് കമല ഹാരിസെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. തന്‍റെ ദീര്‍ഘകാല സുഹൃത്തായ കമല ഭരണഘടന സംരക്ഷിക്കുന്നതിനു വേണ്ടി പോരാടുന്ന, കഷ്ടപ്പെടുന്നവര്‍ക്ക് കൈത്താങ്ങേകുന്ന നേതാവാണെന്ന് മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമ വ്യക്തമാക്കി. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഇന്ത്യന്‍ വംശജ കൂടിയായ കമല ഹാരിസിന്റെ പേര് നിർദേശിച്ചത്. വംശീയതയ്ക്കെതിരായ മുന്നണിപ്പോരാളിയായ കമല ഹാരിസ് നിലവില്‍ കലിഫോര്‍ണിയയിലെ സെനറ്ററാണ്.

കമലയുടെ സ്ഥാനാർഥിത്വം ഇന്ത്യക്കാരുടെ വോട്ട് ലഭിക്കുന്നതിന് ഡെമോക്രാറ്റിക് പാർട്ടിയെ സഹായിച്ചേക്കാം. ബൈഡൻ ഇന്ത്യ-അമേരിക്ക നൂക്ലിയർ ഡീലിനെ പിന്താങ്ങിയതായും അദ്ദേഹത്തിന് മുസ്‌ലിങ്ങളോടും പാകിസ്താനോടും പ്രത്യേക മമതയില്ലെന്നും പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഒബാമയുടെ ഇന്ത്യ നയമായിരിക്കും ബൈഡൻ സ്വീകരിക്കുകയെന്നും ഏറെക്കുറെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യക്കാർക്കുവേണ്ടി ഒരു പ്രത്യേക പരിപാടിയിൽ ഓഗസ്റ്റ് പതിനഞ്ചിന്ന് ബൈഡൻ പ്രസംഗിക്കുന്നുണ്ട്. അവിടെ കമല ഒരു പ്രത്യേക ആകർഷണമായിരിക്കും. എങ്കിലും ഇന്ത്യൻ വോട്ടുകൾ വിഭജിച്ചുപോകാനാണ് സാധ്യത. എന്നാൽ, ഇന്ത്യൻ വോട്ടർമാർ ഒരുശതമാനം മാത്രമേയുള്ളൂ എന്നതും ഓർക്കേണ്ടതാണ്. മോദി ടെക്‌സസിൽ പരസ്യമായി ട്രംപിനു പ്രഖ്യാപിച്ച പിന്തുണ റിപ്പബ്ലിക്കൻസിനെ സഹായിച്ചേക്കാം.

എന്തായാലും ചരിത്ര പ്രഖ്യാപനത്തിന് ശേഷം ജോ ബൈഡൻ ട്വിറ്ററില്‍ കുറിച്ചത് ധീരയായ പോരാളിയും രാജ്യത്തെ ഏറ്റവും മികച്ച പൊതുപ്രവര്‍ത്തകരില്‍ ഒരാളുമായ കമല ഹാരിസിനെ അഭിമാനത്തോടെ ഞാന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നുവെന്നാണ്. വര്‍ണവിവേചനത്തിനെതിരായ മുന്നണി പോരാളിയായ കമലയെ സഹമല്‍സരാര്‍ഥിയായി തിരഞ്ഞെടുത്ത ബൈഡന്‍ ലക്ഷ്യമിടുന്നത് ആഫ്രോ ഏഷ്യന്‍ വോട്ട് ബാങ്കിനെയാണ്. ഇന്ത്യക്കാരിയായ ശ്യാമള ഗോപാലന്റെയും ജമൈക്കൻ സ്വദേശിയായ ഡോണൾഡ് ഹാരിസിന്റെയും മകളായ കമല ഡെമോക്രാറ്റ് പാര്‍ട്ടിയിലെ തീപ്പൊരി നേതാവാണ്.