സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; കോവിഡ് രോഗികളുടെ വിവരം പോലീസിന് ശേഖരിക്കാനുള്ള അവകാശമില്ല: രമേശ് ചെന്നിത്തല

single-img
13 August 2020

സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോലീസ് രോഗ ബാധിതരുടെ ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിക്കുന്നത് പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിവര ശേഖരണം പോലീസിനെ ഏല്‍പ്പിച്ചത് വഴി സംസ്ഥാനത്തിനെ ഒരു സര്‍വൈലന്‍സ് സ്റ്റേറ്റ് ആക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ജനങ്ങളില്‍ ആരുടെയൊക്കെ എന്തൊക്കെ വിവരങ്ങള്‍ ഇതുവരെ പോലീസ് ശേഖരിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.എന്നാല്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ രോഗികളുടെ ഫോണ്‍ രേഖകള്‍ ആവശ്യപ്പെട്ട് പോലീസ് ഇപ്പോഴും രംഗത്തുണ്ട്.

തങ്ങള്‍ ആവശ്യപ്പെട്ട രേഖകള്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ടെലകോം ദാതാക്കള്‍ക്ക് കത്ത് നല്‍കുകയും ചെയ്തു. ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് മുമ്പുള്ള പത്തുദിവസത്തെ വിവരങ്ങള്‍ നല്‍കണം, ആ വ്യക്തി ആരെയെല്ലാം വിളിച്ചുവെന്നും അവരുടെ ടവര്‍ ലൊക്കോഷനും കൈമാറണമെന്നും പോലീസ് ആവശ്യപ്പെട്ടു.