ബാലഭാസ്‌കർ കേസിൽ പുതിയ വഴിത്തിരിവ് , അപകടസ്ഥലത്ത് സംഗീതരംഗത്തെ പ്രമുഖനെ കണ്ടെന്ന് കലാഭവന്‍ സോബി

single-img
13 August 2020

ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി കലാഭവൻ സോബി രംഗത്ത് . അപകടസ്ഥലത്ത് സംഗീതരംഗത്തെ ഒരു പ്രമുഖനെ കണ്ടെന്നാണ് സോബിയുടെ പുതിയ വെളിപ്പെടുത്തൽ. എന്നാൽ ഇക്കാര്യം സി.ബി.ഐയോട് സൂചിപ്പിച്ചിട്ടുണ്ടെന്നും ആരാണെന്ന് പറഞ്ഞിട്ടില്ലെന്നും സോബി വ്യക്തമാക്കി . അവർ ആ വ്യക്തിയെ അന്വേഷിച്ച് കണ്ടെത്തട്ടെയെന്നാണ് സോബിയുടെ നിലപാട് .അന്വേഷിച്ച് കണ്ടെത്തിയില്ലെങ്കിൽ തന്നെ ബ്രയിൻ മാപ്പിങ്ങിന് വിധേയനാക്കി കണ്ടുപിടിക്കട്ടെയെന്നും കലാഭവൻ സോബി ജോർജ് പറഞ്ഞു.

ബ്രയിൻ മാപ്പിങ്ങിന് സമ്മതമാണെന്ന് സി.ബി.ഐ.യെ അറിയിച്ചിട്ടുണ്ട്. എത്രയും വേഗം അത് നടത്തണമെന്നാണ് ആവശ്യം. ഇത് ഒരു കൊലപാതകമാണെന്ന് ഉറപ്പാണ്. സി.ബി.ഐ. അന്വേഷണത്തോടെ എല്ലാം തെളിയുമെന്നാണ് പ്രതീക്ഷയെന്നും എല്ലാകാര്യങ്ങൾക്കും തീരുമാനമാകുമെന്നും സോബി മാധ്യമങ്ങളോട് വ്യക്തമാക്കി.

ബാലഭാസ്കർ കേസിൽ സിബിഐയുടെ അന്വേഷണം പുരോഗമിക്കുകയാണ് സോബിക്ക് പുറമേ അപകടസമയത്ത് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത റിട്ട. എസ്.ഐ, ബസ് കണ്ടക്ടർ തുടങ്ങിയവരെയും സി.ബി.ഐ. വ്യാഴാഴ്ച വിളിപ്പിച്ചിരുന്നു. ഇവരെല്ലാം ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി ആവർത്തിക്കുകയായിരുന്നു. സോബി പറഞ്ഞത് പോലെ കാറിന്റെ പിൻവശത്തെ ചില്ല് പൊട്ടിയിരുന്നില്ലെന്നും രക്ഷാപ്രവർത്തനത്തിനിടെ അടിച്ച് പൊട്ടിച്ചതാണെന്നും ഇവർ മൊഴി നൽകി. എന്നാൽ ഡ്രൈവിങ് സീറ്റിൽ അർജുനായിരുന്നുവെന്ന് ചിലർ മൊഴി നൽകിയപ്പോൾ ബസ് കണ്ടക്ടറുടേത് വ്യത്യസ്തമായ മൊഴിയാണ്. ഡ്രൈവിങ് സീറ്റിൽനിന്ന് പുറത്തെടുത്തയാൾ ബാലഭാസ്കറായിരുന്നു എന്നാണ് ബസ് കണ്ടക്ടർ പറഞ്ഞത്. മൊഴികളിലെ ഈ വൈരുദ്ധ്യങ്ങളാണ് സി.ബി.ഐ. സംഘത്തിന് മുന്നിൽ ആശയകുഴപ്പം സൃഷ്ടിക്കുന്നുണ്ട്.