യുഎസില്‍ ബീച്ച് ടൗവ്വലില്‍ ഗണപതിയുടെ ചിത്രം; ഓണ്‍ലൈന്‍ കമ്പനിക്കെതിരെ പരാതിയുമായി ഹൈന്ദവ സംഘടനകള്‍

single-img
13 August 2020

ഗണപതിയുടെ ചിത്രം അച്ചടിച്ച ബീച്ച് ടൗവ്വല്‍ വില്‍പ്പനയ്ക്കായി വെച്ചതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ കമ്പനിയ്‌ക്കെതിരെ അമേരിക്കയിലെ ഹൈന്ദവ സംഘടനകള്‍ രംഗത്ത്. യുഎസിലെ ബോസ്റ്റണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വേഫെയര്‍ എന്ന ഓണ്‍ലൈന്‍ കമ്പനിയോട് അവരുടെ പരസ്യവും ഉല്‍പ്പന്നങ്ങളും പിന്‍വലിച്ച് മാപ്പുപറയണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.

നേരത്തെയും ഇതേ കമ്പനി ഹിന്ദു ദേവീദേവന്മാരുടെ ചിത്രങ്ങള്‍ വിവിധ ഉല്‍പ്പന്നങ്ങളുടെ ഭാഗമാക്കി വില്‍പ്പന നടത്തിയതിനെ തുടര്‍ന്ന് പ്രതിഷേധം ഏറ്റുവാങ്ങുകയുണ്ടായിട്ടുണ്ട്. കമ്പനിയുടെ പരസ്യത്തില്‍ ഗണപതിയുടെ ചിത്രത്തിന്റെ കൂടെ ബീച്ചില്‍ ഉപയോഗിക്കുന്ന ഒരു സ്ലിപ്പറും കൂടി ചേര്‍ത്താണ് വേഫെയര്‍ കമ്പനി അവരുടെ വെബ്‌സൈറ്റില്‍ നല്‍കിയത്.

“ഹിന്ദു എലിഫന്റ് ബീച്ച് ടൗവ്വല്‍- ഗ്രേറ്റ് ഫോര്‍ സമ്മര്‍ടൈം ഫണ്‍” എന്നാണ് കമ്പനിയുടെ മാര്‍ക്കറ്റിംഗ് പേജില്‍ പരസ്യം കൊടുത്തിരിക്കുന്നത്. ഗണപതി എന്നത് എല്ലാ ഹിന്ദുമതവിശ്വാസികളുടേയും ആരാധ്യ ദേവനാണ് എന്നും മാപ്പുപറഞ്ഞില്ലെങ്കില്‍ കമ്പനിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും . ബോസ്റ്റണിലെ ഹിന്ദു സംഘടനാ നേതാവായ രാജന്‍ സേത് പറയുന്നു.