വെള്ളത്തിലൂടെ ഒഴുകി’ വന്ന ബാഗിൽ അഞ്ചുപവൻ സ്വർണവും പണവും: സത്യസന്ധത കാട്ടി കർഷകൻ

single-img
13 August 2020

ആലപ്പുഴയിൽ പ്രളയത്തെത്തുടർന്ന് റോഡിലെ വെള്ളത്തിലൂടെ ഒഴുകി വന്ന ബാ​ഗിൽ നിന്നും ക്ഷീരകർഷകന് അഞ്ചുപവൻ സ്വർണവും പണവും ലഭിച്ചു. കറുത്തേരിൽ വിജയനാണ് ബാ​ഗ് ലഭിച്ചത്. തലവടി പാരേത്തോടിനു സമീപമുള്ള വീട്ടിലേക്ക് പാലു കൊടുക്കാൻ വെള്ളത്തിലൂടെ പോകുമ്പോഴാണ് ബാഗ് ലഭിച്ചത്. 

ഒരു ബാഗ് ഒഴുകി പാടത്തേക്കു പോകുന്നത് കണ്ടുകൊണ്ടാണ് വിജയൻ പാലുകൊടുക്കാൻ പോയത്. തിരികെ വരുമ്പോഴും ബാഗ് അവിടെയുണ്ട്. വഴിയാത്രക്കാരിൽ നിന്ന് നഷ്ടപ്പെട്ടത് ആകാം എന്നു കരുതി കെെയിലെടുത്ത് വിജയൻ  തുറന്നു നോക്കിയപ്പോൾ സ്വർണവും രൂപയുമായിരുന്നു. 

ബാഗിൽ നിന്നു ലഭിച്ച ഫോൺ നമ്പറിൽ ബന്ധപ്പെട്ടതോടെ ബാ​ഗിന്റെ യഥാർത്ഥ ഉടമയെ കിട്ടി. ഇതിനിടെ വാർഡ് അംഗം അജിത് പിഷാരത്തിനെയും വിജയൻ വിവരം അറിയിച്ചിരുന്നു. തലവടി ആനപ്രമ്പാൽ നൈറ്റാരുപറമ്പിൽ ബിനുവിന്റെ ബാഗ് ആണ് നഷ്ടപ്പെട്ടത്. 

തിരുവൻവണ്ടൂർ പ്രയാറിലേക്ക് ഭാര്യ  സിനിയുമൊത്ത് പോകുന്നതിനിടയാണ് ബാഗ് നഷ്ടപ്പെട്ടത്. വീട്ടിൽ വെള്ളം കയറുന്നതിനാൽ ഉള്ള സ്വർണം ബാഗിൽ വച്ചു കൊണ്ടുപോകുകയായിരുന്നു. ബാഗ് എവിടെ നഷ്ടപ്പെട്ടു എന്നറിയാതെ വിഷമിക്കുന്നതിനിടെയാണ് ഫോൺവിളി എത്തിയത്. യാത്ര മതിയാക്കി തിരികെ എത്തി ബിനു സാധനങ്ങൾ ഏറ്റുവാങ്ങി വിജയന് നന്ദി പറയാനും മറന്നില്ല.