പാക് അധിനിവേശ കാശ്മീരിൽ നിന്ന് മെഡിക്കൽ ബിരുദമുള്ള ഡോക്ടർമാർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിൽ വിലക്ക്

single-img
13 August 2020

പാക് അധിനിവേശ കാശ്മീ൪, ലഡാക്ക് എന്നിവിടങ്ങളിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയ ഡോക്ടർമാര്‍ക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് വിലക്ക്. ഇതുമായി ബന്ധപ്പെട്ട് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എംസിഐ) സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്തു. പുതിയ തീരുമാനത്തിലൂടെ ജമ്മു കശ്മീ൪, ലഡാക്ക് ഉൾപ്പെടുന്ന കേന്ദ്രഭരണ പ്രദേശങ്ങൾ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ബന്ധപ്പെട്ട എല്ലാവരേയും അറിയിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്.

നിലവില്‍ പ്രദേശത്തിന്റെ ഒരു ഭാഗം പാകിസ്താന്‍ നിയമവിരുദ്ധമായി അധിനിവേശപ്പെടുത്തിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ പാക് അധിനിവേശ ജമ്മു കാശ്മീരിലെയും ലഡാക്കിലെയും ഏതെങ്കിലും മെഡിക്കൽ സ്ഥാപനങ്ങൾക്ക് ഐ‌എം‌സി ആക്റ്റ്, 1956 പ്രകാരം അംഗീകാരം ആവശ്യമാണ് എന്ന് എംസിഐ പറയുന്നു.

നിലവില്‍ പാക് അധിനിവേശ കാശ്മീ൪, ലഡാക്ക് എന്നീ പ്രദേശങ്ങളിൽ പ്രവ൪ത്തിക്കുന്ന ഒരു മെഡിക്കൽ കോളേജിനും ഇത്തരത്തില്‍ ഒരു അംഗീകാരം നൽകിയിട്ടില്ല, അതുകൊണ്ടുതന്നെ ഈ പ്രദേശങ്ങളിൽ പ്രവര്‍ത്തിക്കുന്ന മെഡിക്കൽ കോളേജുകളിൽ നിന്ന് നേടിയ യോഗ്യതയുമായി ഇന്ത്യയിൽ പ്രാക്ടീസ് നടത്താൻ അനുവദിക്കില്ല എന്ന്എം‌സി‌ഐ വാ൪ത്താകുറിപ്പിലൂടെ അറിയിച്ചു.