റഷ്യ കണ്ടുപിടിച്ച കോവിഡ് വാക്സിൻ ഭാഗ്യം ഉണ്ടെങ്കില്‍ പ്രവർത്തിക്കും; പ്രതികരണവുമായി ഇന്ത്യയും


കോവിഡ് വൈറസിനെ പ്രതിരോധിക്കുന്ന ലോകത്തെ ആദ്യ വാക്സിൻ പുറത്തിറക്കി എന്ന് റഷ്യൻ പ്രസിഡൻ്റ് പ്രഖ്യാപനം നടത്തിയ പിന്നാലെ ഇന്ത്യയില്‍ നിന്നും വാക്സിനെ സംശയിച്ച് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍രംഗത്ത്. ലോക ജനതയ്ക്ക് ഭാഗ്യമുണ്ടെങ്കിൽ റഷ്യ കണ്ടുപിടിച്ച വാക്സിൻ പ്രവര്‍ത്തിക്കുമെന്നായിരുന്നു സിസിഎംബി ഡയറക്ടര്‍ രാകേഷ് കെ മിശ്രയുടെ പ്രതികരിച്ചത് .
“റഷ്യയുടെ വാക്സിൻ്റെ ഫലപ്രാപ്തിയും സുരക്ഷയും ഇപ്പോഴും കൃത്യമായി അറിയില്ല. അവര്‍ ഇതുവരെ ശരിയായ പരീക്ഷണങ്ങള്‍ നടത്തിയിട്ടില്ല. ജനങ്ങളിലെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം അവര്‍ ഒഴിവാക്കി. അതുകൊണ്ട് തന്നെ വാക്സിൻ സ്വീകരിച്ച ജനങ്ങള്‍ക്ക് വൈറസ് ബാധയുണ്ടാകുന്നുണ്ടോ എന്നറിയാൻ ഇനിയും ഒരു രണ്ട് മാസം കൂടി കാത്തിരിക്കണം.” രാകേഷ് കെ മിശ്ര വ്യക്തമാക്കി.
റഷ്യ ഇതുവരെ ജനങ്ങളില്‍ വൻതോതിൽ ക്ലിനിക്കൽ പരീക്ഷണം നടത്തിയതായി തോന്നുന്നില്ലെന്നും അഥവാ, ചെയ്തു എങ്കില്‍ അവര്‍ വിവരങ്ങള്‍ പുറത്തു വിടണമെന്നും അദ്ദേഹം വാര്‍ത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
അതേസമയം ഇന്ത്യയിൽ വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ വാക്സിനുകള്‍ ഇപ്പോള്‍ ഒന്ന്, രണ്ട് ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലാണെന്നും ഈ ഓഗസ്റ്റ് മാസം അവസാനമോ സെപ്റ്റംബര്‍ മാസമോ വാക്സിൻ പരീക്ഷണഫലം പുറത്തു വരുമെന്നു കരുതുന്നതായും അദ്ദേഹം അറിയിക്കുകയും ചെയ്തു.