‘അദ്ദേഹത്തിന് എന്താണോ നല്ലതായി വരുന്നത് അത് ദൈവം ചെയ്യട്ടെ’; പ്രാർത്ഥനയുമായി പ്രണബ് മുഖര്‍ജിയുടെ മകൾ

single-img
12 August 2020

തലച്ചോറിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോ​ഗ്യത്തിനായി പ്രാർത്ഥനയുമായി മകൾ ശര്‍മിഷ്ഠ മുഖര്‍ജി. അദ്ദേഹത്തിന് എന്താണോ നല്ലത്, അത് സംഭവിക്കാന്‍ ദൈവം ചെയ്യട്ടെയെന്ന് ശര്‍മിഷ്ഠ ട്വിറ്ററിൽ എഴുതി.

ഒരു വര്‍ഷം മുന്‍പ് ഈ സമയം, ഓഗസ്റ്റ് 8 ന് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു. അന്നാണ് അച്ഛന് ഭാരത് രത്‌ന പുരസ്‌കാരം ലഭിച്ചത് ഈ സമയം അച്ഛനെ ഓർത്ത് അഭിമാനിച്ചുവെന്നും പക്ഷെ ഒരു വര്‍ഷത്തിനിപ്പുറം വിഷമഘട്ടത്തെയാണ് താന്‍ നേരിടുന്നതെന്നും ശര്‍മിഷ്ഠ പോസ്റ്റില്‍ പറയുന്നു.

ഇപ്പോഴും പ്രണബ് മുഖര്‍ജിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തന്നെ തുടരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍റ് റഫറല്‍ ആശുപത്രിയില്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ ഇപ്പോള്‍ നിലനിര്‍ത്തിയിരിക്കുന്നത്.