ദിവസേന കോവിഡ് ബാധിക്കുന്നവരുടെ എണ്ണം; ബ്രസീലിനെയും യുഎസിനെയും ഇന്ത്യ പിന്നിലാക്കി

single-img
12 August 2020

ദിനം പ്രതി കോവിഡ് ബാധിതരായവരുടെ എണ്ണത്തില്‍ അമേരിക്കയെയും ബ്രസീലിനെയും പിന്നിലാക്കി ഇന്ത്യ. ലോകാരോഗ്യ സംഘടനയാണ് ഈ വിവരം അറിയിച്ചത്.ഇതേവരെ ലോകത്ത് കോവിഡ് ഏറ്റവും വ്യാപകമായ രണ്ടു രാജ്യങ്ങളാണ് യുഎസും ബ്രസീലും.

ഈ പട്ടികയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ് ഉള്ളത്. ഓഗസ്റ്റ് നാലു മുതല്‍ പത്തുവരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആകെയുള്ള 23% കേസുകളും രാജ്യാന്തര തലത്തിലെ കോവിഡ് മരണങ്ങളില്‍ 15 ശതമാനവും ഇന്ത്യയിലാണ് സംഭവിച്ചത്.

ഈ മാസം പത്തു വരെ (ഏഴു ദിവസം) 4,11,379 കോവിഡ് കേസുകളും 6,251 മരണങ്ങളുമാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പക്ഷെ അതേ കാലയളവില്‍ അമേരിക്കയില്‍ 3,69,575 കോവിഡ് കേസുകളും 7232 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

തൊട്ടു പിന്നിലുള്ള ബ്രസീലില്‍ കേസുകള്‍ 3,04,535 ഉം മരണം 6,914മാണ്.ഇവിടെ തുടര്‍ച്ചയായ നാലു ദിവസം ദിവസേന 60,000 പുതിയ രോഗികളില്‍ എന്നതില്‍നിന്ന് ചൊവ്വാഴ്ച 52,000 എന്ന കണക്കിലേക്ക് താഴുകയാണ് ഉണ്ടായത്. നിലവില്‍ ഇന്ത്യയില്‍ ആകെ കോവിഡ് രോഗികള്‍ 23 ലക്ഷമാണ് ഉള്ളത്.

ആദ്യം 110 ദിവസങ്ങളെടടുത്താണ് കോവിഡ് രോഗികളുടെ എണ്ണം ആദ്യ ഒരു ലക്ഷം കടന്നതെങ്കില്‍ പിന്നീട് അത് പത്തു ലക്ഷത്തിലേക്കെത്താന്‍ വെറും 59 ദിവസമാണ് എടുത്തത്. പെട്ടെന്നുതന്നെ അടുത്ത 24 ദിവസത്തിനുള്ളില്‍ ഇത് 22 ലക്ഷമാകുകയും ചെയ്തിരുന്നു. അതേസമയം ഇന്ത്യയില്‍ രോഗമുക്തരാകുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. നമ്മുടെ രോഗമുക്തി നിരക്ക് 76 ശതമാനമാണ്. ഇതോടൊപ്പം മരണനിരക്കിലും വന്‍ കുറവാണുണ്ടായിരിക്കുന്നത്. ഇത് മുന്‍പ് ഉണ്ടായിരുന്ന 2 ശതമാനത്തില്‍നിന്ന് 1.99 ശതമാനമായി കുറഞ്ഞു.