കര്‍ണാടകയിലെ സംഘര്‍ഷത്തില്‍ ക്ഷേത്രത്തിന് സംരക്ഷണം നല്‍കി മുസ്‌ലീങ്ങള്‍

single-img
12 August 2020

കര്‍ണാടകയിലെ ഡിജെ ഹള്ളിയില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ ക്ഷേത്രത്തിന് സംരക്ഷണം നല്‍കി മുസ്‌ലിം മതവിശ്വാസികള്‍. പ്രദേശത്തെ പോലീസ് സ്റ്റേഷന് സമീപത്തെ ക്ഷേത്രത്തിന് മനുഷ്യചങ്ങല തീര്‍ത്താണ് മുസ്‌ലിം വിശ്വാസികള്‍ സംരക്ഷണമൊരുക്കിയത്. സംസ്ഥാനത്തെ ഒരു കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധു ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത കാര്‍ട്ടൂണ്‍ വിവാദത്തെ തുടര്‍ന്ന് ബെംഗളൂരുവില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു.

അതേസമയം വിവാദ കാര്‍ട്ടൂണ്‍ പോസ്റ്റു ചെയ്ത എംഎല്‍എയുടെ ബന്ധു നവീനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.എന്നാല്‍ തന്റെ ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തതാണെന്നും താനല്ല വിവാദമായ പോസ്റ്റിട്ടതെന്നുമാണ് നവീന്‍ നടത്തിയ പ്രതികരണം.

പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇതേവരെ മൂന്ന് പേര്‍ കൊല്ലപ്പെടുകയും അറുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതിഷേധം നടത്തിയവര്‍ നിരവധി വാഹനങ്ങള്‍ കത്തിച്ചതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ വീടിന് നേരെ കല്ലേറും ഉണ്ടായിരുന്നു.

സംഘര്‍ഷത്തിന് കാരണമായ വിവാദ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ ഉള്‍പ്പെടെ പ്രചരിച്ചതും പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാകാന്‍ കാരണമായി.നിലവില്‍ ബെംഗളൂരു നഗരപരിധിയില്‍ അധികൃതര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനോടകം സംഭവത്തില്‍ എസ്ഡിപിഐ നേതാവായ മുസാമില്‍ പാഷ അറസ്റ്റിലായിട്ടുണ്ട്.