വേരുകൾ തമിഴ്‍നാട്ടിൽ; അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസിനെ പറ്റി കൂടുതൽ അറിയാം

single-img
12 August 2020

അമേരിക്കയില്‍ ഇത്തവണ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ രാജ്യത്തിന്റെ വൈസ് പ്രഡിഡണ്ട് സ്ഥാനാര്‍ത്ഥി ഇന്ത്യന്‍ വംശജയും തമിഴ്നാട്ടില്‍ വേരുകളും ഉള്ള കമല ഹാരിസാണ്. അമേരിക്കയുടെ ചരിത്രത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ കറുത്ത വംശജയും കൂടിയാണ് കമല ഹാരിസ്. ഇവരുടെ വ്യക്തിത്വവും കുടുംബ പശ്ചാത്തലവും ജനങ്ങളില്‍ പ്രചോദനമുളവാക്കുന്നതാണ്.

ഇന്ത്യയില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ശ്യാമള ഗോപാലന്റെയും ജമൈക്കന്‍ വംശജനായ ഡൊണാള്‍ഡ് ഹാരിസിന്റെയും മകളാണ് കമല ഹാരിസ് എന്ന ഇവര്‍.മാതാപിതാക്കള്‍ ഇരുവരും അക്കാദമിക്ക് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരായിരുന്നു. മാതാവായ ശ്യാമള ഗോപാലന്‍ ക്യാന്‍സര്‍ രോഗവുമായി ബന്ധപ്പെട്ട് ഗവേഷണമായിരുന്നു ചെയ്തിരുന്നത്.

പിതാവായ ഡൊണാള്‍ഡ് ഹാരിസ് അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു. അമേരിക്കയിലെ സിവില്‍ റൈറ്റ് മൂവ്മെന്റില്‍ പങ്കാളികളായിരുന്ന ഇരുവരും ബിരുദ പഠനകാലത്താണ് കണ്ടുമുട്ടുന്നത്. യുഎസിലെ ഓക് ലാന്‍ഡിലായിരുന്നു കമല ഹാരിസിന്റെ കുട്ടിക്കാലം. കമലയ്ക്ക് ഏഴ് വയസ് പ്രായമായപ്പോള്‍ ശ്യാമള ഗോപാലനും ഡൊണാള്‍ഡ് ഹാരിസും വിവാഹ മോചിതരായി.

പിന്നീട് ശ്യമള ഗോപാലാനാണ് കമലയെ വളര്‍ത്തിയത്. താന്‍ അമേരിക്ക പോലെ ഒരു രാജ്യത്തില്‍ രണ്ട് കറുത്ത വംശജരായ മക്കളെയാണ് വളര്‍ത്തുന്നത് എന്ന ബോധ്യവും ഞങ്ങള്‍ ശക്തരും ആത്മവിശ്വാസവുമുള്ള സ്ത്രീകളായി വളരണമെന്നുമുളള നിര്‍ബന്ധവും തന്റെ അമ്മയ്ക്ക് ഉണ്ടായിരുന്നതായും ഇത് തന്നെ കൂടുതല്‍ കരുത്തയാകാന്‍ സഹായിച്ചിരുന്നുവെന്നും കമല മുന്‍പ് പറഞ്ഞിരുന്നു.

ചെറുപ്പ കാലത്തില്‍ ബ്ലാക്ക് ബാപ്റ്റിസ്റ്റ് ചര്‍ച്ചിലും അമ്പലങ്ങളിലും താന്‍ പോകാറുണ്ടായിരുന്നതായും അവര്‍ പറയുന്നു. ഇന്ത്യയില്‍ സ്വാതന്ത്യ സമരസേനാനിയായിരുന്ന തന്റെ മുത്തച്ഛന്റെ സ്വാധീനം തന്നിലുണ്ടായിരുന്നുവെന്നും കമല മുന്‍ സമയം പറഞ്ഞിട്ടുണ്ട്.

പ്രശസ്തമായ ഹവാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ കമല ഹാരിസ് അതിന് ശേഷം പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സമയമാണ് അമേരിക്കന്‍ സെനറ്റിലേക്ക് അവര്‍ തെരഞ്ഞെടുക്കപ്പെടുന്നത്. ആദ്യ ഘട്ടത്തില്‍ അല്‍മെഡ ഡിസ്ട്രിക്റ്റ് അറ്റോണിയുടെ ഓഫീസില്‍ അനേക വര്‍ഷം പ്രവര്‍ത്തിച്ച ശേഷം സാന്‍സ്ഫ്രാന്‍സിസ്‌ക അറ്റോണി ജനറലായും കാലിഫോണിയ അറ്റോണി ജനറലായും അവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

മറ്റുള്ളവരില്‍ നിന്നും വിത്യസ്തമായി ക്രിമിനല്‍ ജസ്റ്റിഡ് ഡാറ്റ പൊതുമധ്യത്തിലെത്തിക്കുന്നതില്‍ കലമ ഹാരിസിന് നിര്‍ണായ സ്വാധീനമുണ്ടായിരുന്നു. ഇതുവഴി പോലീസ് കസ്റ്റഡിയില്‍ നിന്ന് പരുക്കേല്‍ക്കുന്നവരെയും കൊല്ലപ്പെടുന്നവരെയും കുറിച്ചുള്ള വിവരങ്ങള്‍ പൊതുമധ്യത്തില്‍ എത്തിക്കുന്നതിന് കഴിഞ്ഞിരുന്നു. നിരവധി അന്താരാഷ്ട്ര മാധ്യമങ്ങള്‍ കമല ഹാരിസിനെ ബരാക്ക് ഒബാമയുമായാണ് താരതമ്യം ചെയ്യാറുള്ളത്.

കറുപ്പിന്റെ ബാക്ക് ഗ്രൗണ്ടില്‍ നിന്ന് വന്ന ആളുകളായതുകൊണ്ടാണ് ഈ താരതമ്യം എങ്കിലും ഫീമെയില്‍ ബാരാക്ക് ഒബാമ എന്ന വിളികളെ കമല ഹാരിസിനെ പിന്തുണയ്ക്കുന്നവര്‍ അംഗീകരിക്കാറില്ല. അതിന് പകരം അവര്‍ സ്വന്തമായ വ്യക്തിത്വമുള്ളയാളാണ് എന്നാണ് അവര്‍ പറയുന്നത്. ഇപ്പോള്‍ കമല ഹാരിസിനെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ രാജ്യത്തെ കറുത്തവര്‍ഗക്കാര്‍ക്കിടയിലും സ്ത്രീകള്‍ക്കിടയിലും കുടിയേറ്റക്കാര്‍ക്കിടിയും വലിയൊരു മുന്‍തൂക്കം സൃഷ്ടിക്കാന്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക്‌ കഴിഞ്ഞിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്.