ദൈവാനുഗ്രഹം ഉണ്ടെങ്കിൽ അയോധ്യയിലെ രാമ ക്ഷേത്രം കാണാന്‍ ഇന്ത്യയില്‍ വരും: ഡാനിഷ് കനേരിയ

single-img
12 August 2020

ദൈവാനുഗ്രഹം ഉണ്ടെങ്കില്‍ തീര്‍ച്ചയായും യുപിയിലെ അയോധ്യയില്‍ നിര്‍മ്മിക്കുന്ന രാമ ക്ഷേത്രം കാണാന്‍
താന്‍ ഇന്ത്യയിലെത്തുമെന്ന് മുന്‍ പാകിസ്താന്‍ സ്പിന്‍ ബൗളര്‍ ഡാനിഷ് കനേരിയ. പാക് ക്രിക്കറ്റ് ടീമിനുവേണ്ടി കളിച്ച രണ്ടാമത്തെ ഹിന്ദു മതത്തില്‍ പെട്ട ഡാനിഷ് കനേരിയ അടുത്തിടെ പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ മതപരമായ വിവേചനത്തിനെതിരെയും പ്രതികരിച്ചിരുന്നു.

ഇന്ന്ഇന്ത്യാ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കനേരിയ താന്‍ രാമാ ക്ഷേത്രം കാണാന്‍ എത്തുമെന്ന കാര്യം പറഞ്ഞത്. നേരത്തെ അയോധ്യയിലെ രാമ ക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ഭൂമി പൂജ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്നപ്പോള്‍ പിന്തുണയുമായി കനേരിയ ട്വീറ്റ് ചെയ്യുകയുണ്ടായിരുന്നു. കനേരിയയുടെ ഈ ട്വിറ്റര്‍ പോസ്റ്റിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് രാമ ക്ഷേത്രം കാണാന്‍ ഇന്ത്യയിലെത്തുമെന്ന് കനേരിയ ചാനലില്‍ പ്രതികരിച്ചത്.

‘ഞാന്‍ ഒരു മതവിശ്വാസിയാണ് , ഹിന്ദുമത വിശ്വാസിയായതിനാല്‍ ശ്രീരാമന്റെ പാത പിന്തുടരാനാണ് എപ്പോഴും ശ്രമിക്കുന്നത്. കുട്ടിക്കാലം മുതല്‍ രാമായണത്തെക്കുറിച്ച് അറിയുകയും രാമന്റെ ജീവിതത്തെക്കുറിച്ച് പഠിക്കുകയും എല്ലാം ചെയ്തിരുന്നു.

രാമന്റെ അനുഗ്രഹം ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഇന്ത്യയിലെത്തി രാമക്ഷേത്രം കാണും’-ഡാനിഷ് കനേരിയ പറഞ്ഞു. നിലവില്‍ ഒത്തുകളി കേസില്‍ ഉള്‍പ്പെട്ട് ആജീവനാന്ത വിലക്ക് നേരിടുന്ന താരമാണ് കനേരിയ. ടീമിലേക്ക് തിരിച്ചുവരാന്‍ ശ്രമിച്ചപ്പോഴെല്ലാം പിസിബി അവഗണിച്ചെന്നും മതവും പാരമ്പര്യവും നോക്കിയാണ് അവര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും കനേരിയ ആരോപിച്ചിരുന്നു.