ചാരക്കേസ്: നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാര തുക കൈമാറി

single-img
11 August 2020

കുപ്രസിദ്ധമായ ഐഎസ്ആര്‍ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാര തുക കൈമാറി. മുന്‍പ് കൈമാറിയ 60 ലക്ഷത്തിന് പുറമെ ഇന്ന് ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് കൈമാറിയത്. സംസ്ഥാനത്തിന്റെ മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തുക നല്‍കിയത്. കേസില്‍ ഇരയായ നമ്പി നാരായണന് 2018 സെപ്റ്റംബര്‍ 14ലെ സുപ്രീം കോടതി വിധി പ്രകാരമായിരുന്നു 50 ലക്ഷം രൂപയും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശിപാര്‍ശ ചെയ്ത 10 ലക്ഷം രൂപയും സര്‍ക്കാര്‍ ആദ്യം നല്‍കിയത്.

അതിന് ശേഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയിരുന്ന കേസ് പിന്‍വലിക്കാന്‍ സമ്മതം കാണിച്ച് അദ്ദേഹം സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. ഇത് അനുസരിച്ച് ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ നടത്താന്‍ 2019 ഫെബ്രുവരി ഒന്നിന് മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയായിരുന്നു.
ഇതുവരെ ലഭിച്ച നഷ്ടപരിഹാര തുകയ്ക്ക് പുറമെ സബ്കോടതിയില്‍ കേസ് ഫയല്‍ ചെയ്ത വകയില്‍ ചെലവായ 1.3 കോടി രൂപയും സര്‍ക്കാര്‍ തന്നെ നല്‍കണമെന്ന് സബ്കോടതി ഉത്തരവിടുകയും ചെയ്യുകയായിരുന്നു.

2003ല്‍ നമ്പി നാരായണന്‍ നല്‍കിയ പരാതിയനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി , എഡിജിപി, വഞ്ചിയൂര്‍ എസ്ഐ, സിബി മാത്യൂസ്, സെന്‍കുമാര്‍, സിഐ എസ് വിജയന്‍, ജോഗേഷ്, മാത്യു ജോണ്‍, ആര്‍ബി ശ്രീകുമാര്‍, കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്നിവരായിരുന്നു എതിര്‍ കക്ഷികള്‍.