കോവിഡ് വാക്സിന് ‘സ്പുട്‌നിക് വി’ എന്ന പേര് നല്‍കി റഷ്യ

single-img
11 August 2020

ലോകത്തിൽ ആദ്യമായുള്ള കോവിഡ് അംഗീകൃത വാക്‌സിന് റഷ്യ സ്പുട്‌നിക് വി എന്ന് പേര് നല്‍കി. സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ച ലോകത്തിലെ ആദ്യ കൃത്രിമ ഉപഗ്രഹത്തിന്റെ സ്മരണയ്ക്കാണ്‌ വാക്‌സിന് ഈ പേര് നല്‍കിയത്. കോവിഡ് വാക്‌സിന് ഇതിനകം 20 രാജ്യങ്ങളില്‍ നിന്നായി 100 കോടി ഡോസുകളുടെ ഓര്‍ഡര്‍ ലഭിച്ചതായി റഷ്യന്‍ ഡയറക്ട് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് മേധാവി കിറില്‍ ദിമിത്രിയേവ് പറഞ്ഞു.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഔദ്യോഗികമായി വാക്‌സിന്‍ പുറത്തിറക്കിയ പിന്നാലെയാണ് ദിമിത്രിയേവ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.

റഷ്യ വികസിപ്പിച്ചെടുത്ത വാക്സിന്‍ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മറ്റുള്ളവര്‍ എന്നിവര്‍ക്കാണ് ആദ്യം നല്‍കിയത്. മാത്രമല്ല, തന്റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് വാക്സിന്‍ നല്‍കിയിരുന്നതായി പുടിന്‍ നേരിട്ട് അറിയിക്കുകയും ചെയ്തു.