റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിൻ നാളെ പുറത്തിറങ്ങും

single-img
11 August 2020

കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച വാക്സിൻ നാളെ പുറത്തിറക്കും. ഗമേലയ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും സംയുക്തമായി വികസിപ്പിച്ച വാക്സിനാണ് നാളെ പുറത്തിറക്കുന്നത്. കോവിഡിനെതിരെ ഫലപ്രദമെന്ന് അവകാശപ്പെട്ടുകൊണ്ടാണ് വാക്സിൻ എത്തുന്നത്. 

കോവിഡ്-19 പ്രതിരോധവാക്സിൻ തയ്യാറായതായും ഓ​ഗസ്റ്റ് 12ന് രജിസ്റ്റർ ചെയ്യുമെന്നും റഷ്യൻ ആരോഗ്യവകുപ്പ് സഹമന്ത്രി ഒലെഗ് ഗ്രിഡ്‌നെവ് ആണ് അറിയിച്ചത്. അഡിനോവൈറസ് ആസ്പദമാക്കി നിർമിച്ച നിർജീവ പദാർഥങ്ങൾ ഉപയോഗിച്ചാണ് വാക്സിൻ തയ്യാറാക്കിയിട്ടുള്ളത്. വാക്സിൻ ഉപയോഗിച്ച് രാജ്യത്ത് എല്ലാവരെയും കോവിഡിനെതിരെ വാക്സിനേറ്റ് ചെയ്യാനാണ് പദ്ധതിയെന്നാണ് റഷ്യൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.

ഈ മാസം തന്നെ രാജ്യത്തെ ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് റഷ്യൻ സർക്കാർ. ഇതിനു പിന്നാലെ വാക്സിൻ്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനവും ആരംഭിക്കും. പിന്നീട് രാജ്യവ്യാപക വാക്സിനേഷൻ ക്യാംപയിനിലൂടെ ജനങ്ങൾക്കെല്ലാം വാക്സിൻ ലഭ്യമാക്കാനാണ് പദ്ധതി.

അതേസമയം ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കാതെ വാക്സിൻ ലഭ്യമാക്കുന്നത് ആശങ്കയുണ്ടാക്കുന്നു. ഇതിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്.ലോകാരോഗ്യ സംഘടനയടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളും ആരോഗ്യവിദഗ്ധരും റഷ്യയുടെ വാക്സിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ധൃതിയേക്കാൾ നടപടിക്രമം പൂർണമായി പാലിക്കുന്നതിലാവണം കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നു ലോകാരോഗ്യ സംഘടന ററഷ്യയ്ക്ക് മുന്നറിയിപ്പു നൽകിയിരുന്നു. ഇതിനിടയിലാണ് വാക്സിൻ റഷ്യ പുറത്തുവിടുന്നത്.