മാറുന്ന സ്വപ്നങ്ങളെ മാറ്റിക്കുറിക്കും ടെക്നോളജി..!

single-img
11 August 2020

നല്ല സ്വപ്നങ്ങളെ കൂടെ കൂട്ടണമെന്ന് ആഗ്രഹിക്കാത്തവരായി ആരും കാണില്ല. എന്നാൽ പലപ്പോഴും ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങളിൽ പലതും നമുക്ക് ഉണരുമ്പോള്‍ ഓര്‍മപോലുമുണ്ടാകാറില്ല. പിന്നീട് പലപ്പോഴും അവിചാരിതമായാണ് ഇവ നമ്മുടെ ഓര്‍മയിലെത്താറ്. നമ്മള്‍ കാണുന്ന സ്വപ്‌നങ്ങള്‍ ശേഖരിക്കാനും വേണ്ടിവന്നാല്‍ സ്വപ്‌നം തന്നെ മാറ്റാനും സാധ്യമാക്കുന്ന ഉപകരണവുമായി ശാസ്ത്രലോകം എത്തിക്കഴിഞ്ഞു.

നമ്മൾ കാണുന്ന സ്വപ്‌നത്തില്‍ ഇടപെട്ട് ചിന്തകളെയും ലക്ഷ്യങ്ങളേയും മാറ്റുകയാണ് ഇവിടെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. ടാര്‍ഗറ്റഡ് ഡ്രീം ഇന്‍ക്യുബേഷന്‍ എന്ന മാര്‍ഗത്തിലൂടെ സ്വപ്‌നത്തെക്കുറിച്ച് പഠിച്ച് ഡോര്‍മിനോ എന്ന സ്വപ്‌നത്തില്‍ ഇടപെടുന്ന യന്ത്രമാണ് ഗവേഷകര്‍ അവതരിപ്പിക്കുന്നത്. ഗവേഷണഫലത്തില്‍ ഡോര്‍മിനോയേയും ടിഡിഐയേയും സ്വപ്നത്തെ നിയന്ത്രിക്കാനുള്ള ഉപകരണങ്ങളായാണ് വിശേഷിപ്പിക്കുന്നത്.

സ്ലീപ്പ് ട്രാക്കിംങ് ഉപകരണങ്ങളിലെ ആപ്ലിക്കേഷനുകളുമായി ബന്ധിപ്പിക്കാവുന്ന പ്രോട്ടോക്കോളാണ് ടിഡിഐ. വ്യക്തികളുടെ സ്വപ്‌നം പകര്‍ത്തിയെടുക്കുന്ന ചുമതല ഡോര്‍മിനോക്കാണ്. പ്രത്യേകം വിഷയങ്ങളിലേക്ക് ഉറക്കത്തിലുള്ളയാളുടെ സ്വപ്‌നങ്ങളെ നയിക്കാനും ഈ ഉപകരണം വഴി സാധിക്കും . ചുരുക്കത്തില്‍ ഇന്ന് എന്ത് വിഷയത്തിലുള്ള സ്വപ്‌നം കാണണമെന്ന് ഈ ഉപകരണം വഴി തീരുമാനിക്കാനാകും എന്ന് സാരം .ഹിപ്‌നഗോജിയയില്‍ വെച്ച് പ്രത്യേകം ശബ്ദ സിഗ്നലുകള്‍ കേള്‍പിച്ചാണ് ഡോര്‍മിനോ സ്വപ്‌നത്തില്‍ ഇടപെടല്‍ നടത്തുന്നത്. ഓരോ വ്യക്തികളുടേയും ശാരീരികമായ പ്രത്യേകതകളുടെ വിവരശേഖരണത്തിന് ശേഷമാണ് എപ്പോഴാണ് സ്വപ്‌നം മാറ്റേണ്ടതെന്ന് തീരുമാനിക്കപ്പെടുന്നത്.

സ്വപ്‌നങ്ങളെ പകര്‍ത്തുകയും ശേഖരിക്കുകയും വിശകലനം ചെയ്യുകയും പിന്നീട് കാണിച്ച് തരികയും ചെയ്യുന്ന ഡോര്‍മിനോകള്‍ നിര്‍മിച്ചെടുക്കുകയാണ് ഗവേഷകസംഘത്തിന്റെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം. ഐഒഎസ് ആപ്ലിക്കേഷനായും വെബ്ബിലും ഇത്തരം ഡോര്‍മിനോകള്‍ ഭാവിയില്‍ അവതരിപ്പിക്കപ്പെടാം. കലാകാരന്മാര്‍ക്കൊപ്പം ചേര്‍ന്ന് സ്വപ്‌നത്തിന്റെ സര്‍ഗാത്മകത വര്‍ധിപ്പിക്കാനുള്ള സാധ്യതകളും സംഘം തേടുന്നുണ്ട്.