‘എന്‍റെ ചിലവില്‍ അദ്ദേഹത്തിന്‍റെ ഉദ്ദേശം നടപ്പാക്കേണ്ട’; പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി

single-img
11 August 2020

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് നടന്ന ആരോപണങ്ങള്‍ എണ്ണി പറഞ്ഞാല്‍ അതിന് അതേപോലെ എണ്ണി എണ്ണി മറുപടി പറയുമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വെല്ലുവിളിക്ക് ‘എന്‍റെ ചിലവില്‍ അങ്ങനെ അദ്ദേഹത്തിന്‍റെ ഉദ്ദേശം നടപ്പാക്കേണ്ട’ എന്ന മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രമേശ്‌ ചെന്നിത്തല ഉയര്‍ത്തിയ വെല്ലുവിളിയെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഉമ്മന്‍ ചാണ്ടിക്കെതിരായ പരാമര്‍ശങ്ങള്‍ തന്നെക്കൊണ്ട് പറയിക്കാനുള്ള രമേശ് ചെന്നിത്തലയുടെ ശ്രമത്തിന് തടയിട്ടത്.

കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ ഇടത് സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ബന്ധത്തെ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന് നേരെയുള്ള ആരോപണങ്ങളെക്കുറിച്ച് ചെറിയ രീതിയില്‍ പരാമര്‍ശിച്ചത്. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങള്‍ താന്‍ എണ്ണി എണ്ണി പറയണോ എന്നും പിണറായി വിജയന്‍ മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചിരുന്നു.