ചൈനയ്ക്ക് ഫുൾ സ്റ്റോപ്പ്; വാണിജ്യയുദ്ധം മുറുക്കി ഇന്ത്യ

single-img
11 August 2020

ഇന്ത്യാ ചൈന അതിർത്തി തർക്കം രൂക്ഷമാകുന്ന സാഹചര്യത്തിൽ ചൈനയ്‌ക്കെതിരെ വാണിജ്യയുദ്ധം മുറുക്കി ഇന്ത്യ. ചൈനീസ് ഇറക്കുമതിക്കു കൂടുതല്‍ നിയത്രണങ്ങൾ ഏർപെടുത്തുകയാണ് കേന്ദ്ര സർക്കാർ . ഇതിന്റെ ഭാഗമായി ഇരുപതോളം ഉല്‍പന്നങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കാനും ആലോചിക്കുന്നുണ്ട് . ലാപ്‌ടോപ്പ്, ക്യാമറ, തുണിത്തരങ്ങള്‍, അലുമിനിയം ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ചില സ്റ്റീല്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുകയും ചെയ്യും.

ഇന്ത്യയുമായി സ്വതന്ത്രവ്യാപാര കരാറുള്ള വിയറ്റ്‌നാം, തായ്‌ലന്‍ഡ് തുടങ്ങിയ ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് അടുത്തിടെയായി ഇറക്കുമതി വര്‍ധിക്കുകയാണ്. ഈ രാജ്യങ്ങളെ ഉപയോഗിച്ച് ചൈന നിയന്ത്രണമില്ലാതെ ഇന്ത്യയിലേക്ക് ഇറക്കുമതി നടത്തുന്നുവെന്ന ആരോപണവും ശക്തമാണ് . ഇതേത്തുടര്‍ന്ന് ടയര്‍, ടിവി സെറ്റുകള്‍ എന്നിവയുടെ ഇറക്കുമതിക്ക് വാണിജ്യമന്ത്രാലയം ലൈസന്‍സ് ഏര്‍പ്പെടുത്തിയിരുന്നു. ലൈസന്‍സിങ് ഏജന്‍സിയായ വിദേശവ്യാപാര ഡയറക്ടറേറ്റ് ജനറല്‍ ചില ഉരുക്ക് ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്കു ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ്.

നിയന്ത്രണ നടപടികള്‍ക്കൊപ്പം ആഭ്യന്തര നിര്‍മാണ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. മൊബൈല്‍, മരുന്നു ഘടകങ്ങള്‍ എന്നിവയുടെ നിര്‍മാണം ത്വരിതപ്പെടുത്താനാണു നീക്കം. 2019-20ല്‍ ചൈനയുമായി ഇന്ത്യക്ക് 48.7 ബില്യണ്‍ ഡോളറിന്റെ വ്യാപാരകമ്മിയാണുള്ളത്. ഇന്ത്യയില്‍നിന്നു കൂടുതല്‍ കയറ്റുമതിക്ക് അനുമതി നല്‍കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം ചൈന അംഗീകരിക്കാത്തതാണ് ഇതിനു പ്രധാന കാരണം.