ഫോണ്‍ വിളിക്ക് മുന്‍പുള്ള കൊറോണ സന്ദേശത്തിന് ബൈ പറഞ്ഞ് ബിഎസ്എന്‍എല്‍

single-img
11 August 2020

ദുരന്തമുഖങ്ങളിൽ ,അത്യാവശ്യ ഘട്ടത്തിൽ ഫോൺ വിളിക്കേണ്ട സാഹചര്യത്തിൽ കൊറോണ സന്ദേശങ്ങൾ തെല്ലൊന്നുമല്ല സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നത്. ദുരന്തസാഹചര്യങ്ങളില്‍ അത്യാവശ്യങ്ങള്‍ക്കായി വിളിക്കുമ്പോള്‍ മിനിറ്റുകള്‍ നീണ്ട സന്ദേശം വിലപ്പെട്ട സമയം നഷ്ടമാക്കുന്നു എന്നൊക്കെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു .

അത്യവശ്യത്തിന് ആംബുലന്‍സിന് വിളിക്കുമ്പോള്‍പ്പോലും കൊറോണ സന്ദേശം കേള്‍ക്കേണ്ടി വരുന്നത് ,വിലപ്പെട്ട ജീവനുകള്‍ നഷ്ടമാവാന്‍ വരെ കാരമായേക്കാമെന്നാണാണ് പരാതി ഉയര്‍ന്നത്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഫോണ്‍വിളിക്കുന്ന സമയത്ത് ഏര്‍പ്പെടുത്തിയ കോവിഡ് ബോധവത്കരണ സന്ദേശങ്ങള്‍ ബി.എസ്.എന്‍.എല്‍ നിര്‍ത്തി.

ഈ ബോധവത്കരണ സന്ദേശങ്ങള്‍ ഇപ്പോഴത്തെ മഴക്കെടുതി പോലുള്ള ദുരന്ത സാഹചര്യങ്ങളില്‍ പ്രയാസമുണ്ടാക്കുന്നതായി വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നടപടി. കോവിഡ് വ്യാപിച്ച സഹാചര്യത്തില്‍ കേന്ദ്ര നിര്‍ദേശപ്രകാരമാണ് ഇത്തരത്തില്‍ ബോധവത്കരണ സന്ദേശം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ബിഎസ്എന്‍എല്‍ തീരുമാനത്തിന് പിന്നാലെ മറ്റ് ടെലികോം കമ്പനികള്‍ എന്ത് നിലപാട് എടുക്കുമെന്ന് വ്യക്തമല്ല. ബി.എസ്.എന്‍.എല്‍. കേന്ദ്രത്തില്‍നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് ഈ അറിയിപ്പ് നിര്‍ത്തിയത്.

ഫോണ്‍വിളിക്കുമ്പോള്‍ കേള്‍ക്കുന്ന ബോധവത്കരണ സന്ദേശം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വലിയ പ്രചാരണം നടന്നിരുന്നു. എന്തായാലും ബിഎസ്എന്‍എല്ലിന്റെ പാത മറ്റ് ടെലികോം കമ്പനികള്‍ സ്വീകരിക്കുമോയെന്ന് കാത്തിരുന്ന് കാണാം.