യുപിയില്‍ പ്രഭാത സവാരിക്കിടെ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

single-img
11 August 2020

യുപിയിൽ പ്രഭാത സവാരിക്കിടെ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. സംസ്ഥാനത്തെ ബിജെപി മുന്‍ ജില്ലാ പ്രസിഡന്‍റായിരുന്ന സഞ്ജയ് ഖോക്കറാണ് പശ്ചിമ യുപിയിലെ ബാഗ്പാത് ഗ്രാമത്തിലുള്ള വീടിന് സമീപത്തെ പാടത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്.

കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. അടുത്ത 24 മണിക്കൂറിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുംഅദ്ദേഹം നിർദ്ദേശം നൽകി. ആക്രമിച്ച വ്യക്തി ഒന്നിലധികം തവണയാണ് സഞ്ജയ് ഖോക്കറിന് നേരെ വെടിയുതിര്‍ത്തിട്ടുള്ളത് എന്ന് വ്യക്തമായിട്ടുണ്ട്.

ശരീരമാകെ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ഇന്ന് രാവിലെ വീടിന് സമീപത്തെ കരിമ്പ് പാടത്ത് മൃതദേഹം കണ്ടെത്തിയത്. അതേസമയം , നിലവിൽ സംഭവത്തില്‍ മൂന്നുപേരെ സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഇപ്പോൾ കേസ് അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടത്തിലാണെന്നും ഖോക്കറുമായി ആര്‍ക്കെങ്കിലും ശത്രുതയുണ്ടോയെന്നതും പരിശോധിക്കുമെന്നും പോലീസ് പറയുന്നു.