ഒരിക്കൽ കൂടി ബിഗ് ബോസിലേക്ക് വിളിച്ചാല്‍ പോകില്ല: മഞ്ജു പത്രോസ്

single-img
11 August 2020

മിനി സ്‌ക്രീനിൽ റിയാലിറ്റി ഷോ യിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയായ ബിഗ്‌ ബോസില്‍ എലിമിനേഷനിലൂടെ പുറത്ത് പോയെങ്കിലും പുറത്ത് വലിയ തരംഗമുണ്ടാക്കാന്‍ മഞ്ജുവിന് സാധിച്ചിരുന്നു. എന്നാല്‍ ഇനിയൊരു തവണ കൂടി ബിഗ് ബോസിലേക്ക് വിളിച്ചാല്‍ താന്‍ പോകില്ലെന്ന് പറയുകയാണ് മഞ്ജു ഇപ്പോള്‍.

അത്രയധികം ആഗ്രഹിച്ചിട്ടൊന്നുമല്ല താന്‍ ബിഗ് ബോസിലേക്ക് പോയതെന്നും അവിടെ എത്തിയപ്പോഴാണ് എനിക്ക് പറ്റുന്ന ഷോ അല്ലെന്ന് മനസിലായതെന്നും കൗമുദി ടിവിയില്‍ താര പകിട്ട് എന്ന ഷോയില്‍ പങ്കെടുക്കവേ മഞ്ജു പറഞ്ഞു.

താന്‍ ഗോസിപ്പിന് ഒരുപാട് ഇരയായിട്ടുണ്ട്. അതില്‍ ആദ്യമൊക്കെ ഭയങ്കര വിഷമം തോന്നിയിരുന്നു. “ഇപ്പോള്‍ പക്ഷെ അതൊക്കെ ചിരിച്ച് കൊണ്ട് നേരിടും. ഒരു തനി നാട്ടിന്‍പുറത്ത് നിന്ന് വന്ന എനിക്ക് ആദ്യമൊക്കെ ഇത് കേള്‍ക്കുമ്പോള്‍ പേടിയും വിഷമവും പരിഭ്രമവുമൊക്കെയായിരുന്നു. എന്റെ വീട്ടുകാര്‍ കേള്‍ക്കുമ്പോള്‍ എന്ത് വിചാരിക്കും എന്നായിരുന്നു ആദ്യമൊക്കെ വിഷമം. പിന്നീട് എനിക്ക് മോനെ പറ്റിയായി. എന്നാല്‍ എന്നെക്കാളും ബോള്‍ഡായി അവന്‍ ഇപ്പോള്‍.

ബിഗ് ബോസില്‍ നിന്നും പുറത്തായപ്പോള്‍ അമ്മ ഫോണിലും മറ്റും ഒന്നും നോക്കണ്ടട്ടോ എന്നായിരുന്നു അവന്‍
എന്നോട് പറഞ്ഞത്. അതില്‍ ആദ്യമൊക്കെ സങ്കടമായിരുന്നെങ്കിലും പിന്നെ പിന്നെ ഈ പറയുന്നവര്‍ക്ക് മുഖമില്ലെന്ന് എനിക്ക് മനസിലായി. ആ ഷോയില്‍ പുറത്തിറങ്ങിയതിന് ശേഷം എന്റെ പേഴ്‌സണല്‍ നമ്പര്‍ ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ ആരും വിളിച്ചതുമില്ല, ആര്‍ക്കും ഒന്നും പറയാനുമില്ലായിരുന്നു.

അടുത്ത കാര്യം, എനിക്ക് പറ്റുന്ന ഒരു ഷോ അല്ല അത്. അവിടെയും ഉണ്ടാവുക എന്റെ ചുറ്റുപാടാണെന്ന് കരുതി ചെന്നതാണെങ്കിലും അവിടെ ഉണ്ടായിരുന്ന സാഹചര്യം മറ്റൊന്നായിരുന്നു. മിക്ക ദിവസങ്ങളിലും ഉറങ്ങാറില്ലായിരുന്നു. കുറച്ച് ദിവസം കുറച്ച് ആളുകളുടെ കൂടെ പോയി താമസിക്കണം എന്ന് മാത്രമേ കരുതിയിരുന്നുള്ളു.എന്നാല്‍ അതിന്റെ കടമ്പകള്‍ എനിക്ക് പറ്റുന്നതല്ല എന്ന് ഞാന്‍ അതിനുള്ളില്‍ പോയപ്പോഴാണ് തിരിച്ചറിഞ്ഞത്. ഇനി ഒരിക്കലും അത് പറ്റില്ല. പിന്നെ, എനിക്ക് എന്റെ പ്രിയപെട്ടവരെ ഇനി ഒരിക്കല്‍ കൂടി കാണാതെ ഇരിക്കാന്‍ സാധിക്കില്ല- ഈ കാരണങ്ങള്‍ ഒക്കെ കൊണ്ട് ഇനി ബിഗ് ബോസിലേക്ക് താന്‍ പോകില്ലെന്നും മഞ്ജു പറയുന്നു.