പ്രതിപക്ഷം തോറ്റു പ്രകൃതി ജയിച്ചു: മണൽ മാറ്റിയ പമ്പ ഇന്ന് ശാന്തമായി ഒഴുകുന്നു

single-img
11 August 2020

2018 ലെ മഹാപ്രളയത്തിന്റെ ഭീതിപ്പെടുത്തുന്ന ഓർമ പമ്പ നിവാസികൾക്ക് അത്ര പെട്ടെന്നൊന്നും മറക്കാൻ കഴിയില്ല. അത്കൊണ്ട് തന്നെ ഇക്കുറി പമ്പാ ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നെന്ന്‌ അറിഞ്ഞതോടെ അവരുടെ ഭീതി ഇരട്ടിയായി . എന്നാൽ, സംഭവിച്ചത് മറ്റൊന്നായിരുന്നു.പേടിപ്പെടുത്തുന്ന ഒന്നുംതന്നെ സംഭവിച്ചില്ല. പമ്പയിൽ അടിഞ്ഞുകൂടിയ മണൽ പൂർണമായും മുമ്പ്‌ നീക്കിയതിനാൽ ഇത്തവണ പമ്പ ശാന്തമായി തന്നെ ഒഴുകി .

സർക്കാരിന്റ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടൽ തന്നെയാണ് അതിന് സഹായിച്ചത്. പമ്പയിലെ മണൽ നീക്കിയതിനെതിരെ പ്രതിപക്ഷമടക്കം വലിയ ആരോപണമാണ്‌ ഉന്നയിച്ചപ്പോഴും സർക്കാർ പിന്നോട്ട് പോയില്ല. പമ്പാതീരം മുങ്ങാതിരിക്കാൻ സംസ്ഥാന സർക്കാർ നടത്തിയ ഇടപെടൽ കാര്യക്ഷമമായി മുന്നോട്ട് പോയി. 2018 ലെ പ്രളയത്തിൽ പമ്പയിൽ അടിഞ്ഞുകൂടിയ മണലാണ്‌ സർക്കാർ പൂർണമായും നീക്കംചെയ്തത്‌. 75,000 ക്യുബിക് മീറ്റർ മണലും മാലിന്യങ്ങളുമാണ്‌ പമ്പയിൽനിന്ന് നീക്കംചെയ്തത്. ഇതേതുടർന്ന് പമ്പ- ത്രിവേണി ഭാഗത്തെ 2.2 കിലോമീറ്റർ ദൂരം സുഗമമായ ഒഴുക്കിന്‌ കാരണമായി. പമ്പയിലെ മാലിന്യം നീക്കലിനുപുറമേ പമ്പ ഉൾപ്പെടെയുള്ള മൂന്ന് പ്രധാന നദികളിലെ 44 കടവുകളിലെ മാലിന്യങ്ങളും നീക്കിയിട്ടുണ്ട്.

ഈകഴിഞ്ഞ ഞായറാഴ്ച പകൽ 1.30നാണ്‌ പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിത്തുടങ്ങിയത്‌. പത്തനംതിട്ട ജില്ലയിൽ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് കരുതൽ എന്ന നിലയിലാണ് ഡാം തുറന്നത്. ഡാം തുറന്ന് ആറ്‌ മണിക്കൂറിനുശേഷം റാന്നിയിൽ വെള്ളമെത്തും എന്ന വിവരം ജനങ്ങൾ ജാഗരൂകരാക്കി. എന്നാൽ, പമ്പ ത്രിവേണി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായില്ല. 2018ലെ പ്രളയത്തിനുശേഷം ത്രിവേണിമുതൽ രണ്ടുകിലോമീറ്ററിൽ അധികം സ്ഥലത്ത് അടിഞ്ഞുകൂടിയ മണലും മാലിന്യവും വെള്ളപ്പൊക്കം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നു.എന്തായാലും സർക്കാരിന്റെ അവസരോചിതമായ തീരുമാനം തന്നെയാണ് ദുരന്തമുഖത്ത് നിന്നും പമ്പയെ രക്ഷിച്ചത്.