ശബരിമല: തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും; പുതിയ തീരുമാനങ്ങള്‍ വെളിപ്പെടുത്തി ദേവസ്വം മന്ത്രി

single-img
10 August 2020

ഈ വർഷം നവംബര്‍ 16ന് ആരംഭിക്കുന്ന ശബരിമല തീര്‍ത്ഥാടനത്തിന്‍റെ മുന്നൊരുക്കങ്ങള്‍ക്കായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ വഴി ഉന്നതതലയോഗം ചേർന്നു. യോഗത്തിൽ കർശനമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ശബരിമല സന്ദർശനം നടത്തുന്ന കാര്യത്തിൽ തീരുമാനമായതായി മന്ത്രി അറിയിച്ചു.

യോഗത്തിലെ തീരുമാന പ്രകാരം ഇക്കുറി ശബരിമല തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കുമെന്നും, ശബരിമല ദര്‍ശനം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ നിയന്ത്രിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, രോഗബാധയുടെ സാഹചര്യത്തിൽ തീര്‍ത്ഥാടനം പൂര്‍ണ്ണമായ തോതില്‍ നടത്തുന്നതിന് പരിമിതികളുണ്ടെന്ന് യോഗത്തിൽ വിലയിരുത്തൽ വന്നു.

ഇപ്പോഴുള്ള പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ ഈ വർഷത്തെ തീര്‍ത്ഥാടനത്തിനാവശ്യമായ മുന്നൊരുക്കങ്ങളും വിവിധ തലങ്ങളിലുള്ള ഏകോപനവും അനുബന്ധ നടപടികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും മന്ത്രി അറിയിച്ചു.