കരിപ്പൂരിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദരവ്; പോലീസുകാരനെതിരെ നടപടിക്ക് സാധ്യത

single-img
10 August 2020

കഴിഞ്ഞ ദിവസം കരിപ്പൂരില്‍ നടന്ന വിമാനാപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ എത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദരവ് അര്‍പ്പിച്ച പോലീസുകാരനെതിരെ നടപടിക്ക് സാധ്യത. കോവിഡ് സാഹചര്യത്തില്‍ നിലവില്‍ ക്വാറന്റീനില്‍ കഴിയുന്ന രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടെ എത്തിയായിരുന്നു പോലീസ് ഉദ്യോഗസ്ഥന്‍ ആദരസൂചകമായി സല്യൂട്ട് ചെയ്തത്.

എന്നാല്‍ ഉദ്യോഗസ്ഥന്റെ ഈ പ്രവൃത്തി ഔദ്യോഗിക അനുമതിയില്ലെതെയെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. അതിന് പിന്നാലെയാണ് ആദരമര്‍പ്പിച്ച പോലീസ് ഉദ്യോഗസ്ഥന് നേരെ നടപടി ഉണ്ടാകുമെന്ന സൂചനയും പുറത്തുവരുന്നത്.സോഷ്യല്‍ മീഡിയയില്‍ രക്ഷാപ്രവര്‍ത്തകരെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ പോയി കേരള പോലീസ് സല്യൂട്ടടിച്ച് ആദരവ് പ്രകടിപ്പിക്കുന്നുവെന്ന കുറിപ്പോടെയാണ് ചിത്രം പ്രചരിച്ചത്. സണ്ണിവെയ്‌നും സുരാജുമടക്കമുള്ള സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ പങ്കുവെക്കുകയും ഈ ചിത്രം വൈറലാകുകയും ചെയ്തതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഇതേക്കുറിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ആദ്യമൊക്കെ ചിത്രം വ്യാജമാകുമെന്നായിരുന്നു പോലീസ് കരുതിയത് എങ്കിലും അന്വേഷണം നടത്തിയതോടെ ഉദ്യോഗസ്ഥനെ കണ്ടെത്തി. ഇപ്പോള്‍ സംഭവത്തില്‍ പ്രാദേശിക സ്‌റ്റേഷനില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും ഉദ്യോഗസ്ഥര്‍ പറയുന്നു.