‘കാർട്ടൂൺ പോലും ഉൾക്കൊള്ളാനാവാത്ത അസഹിഷ്ണുത ഒരു ഭരണാധികാരിക്ക് ഉണ്ടെങ്കിൽ അത് നാടിന് നല്ലതല്ല’- പി.സി.വിഷ്ണുനാഥ്

single-img
10 August 2020

മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ വിമർശിച്ചതിൽ തന്റെ നിലപാട് വ്യക്തമാക്കി എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് രംഗത്ത് . ഭരണാധികാരിക്ക് വാഴ്ത്തുപാട്ടുകൾ മാത്രം പാടാൻ നമ്മുടെ രാജ്യത്തിന്റെ പേര് ഉത്തര കൊറിയ എന്നോ ചൈനയെന്നോ അല്ലല്ലോയെന്നും അദ്ദേഹം ചോദിക്കുന്നു .വാർത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ വിമർശിച്ചതിനെക്കുറിച്ചാണ് വിഷ്ണുനാഥിന്റെ ഇത്തരത്തിലുള്ള പരാമർശം. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്.

കുറിപ്പിന്റെ പൂർണരൂപം:

‘താങ്കൾ ഈയിടെയായി എന്നെ വിമർശിച്ച് വരയ്ക്കുന്നില്ലല്ലോ?’ മലയാളികളുടെ അഭിമാനമായ കാർട്ടൂണിസ്റ്റ് ശങ്കറിനെ കണ്ടപ്പോൾ ഒരിക്കൽ മഹാനായ നെഹ്റു പരിതപിച്ചത് ഇങ്ങനെയാണ്. ‘Don’t spare me shankar’ എന്ന് 1948 മേയില്‍ ന്യൂഡല്‍ഹിയില്‍ ശങ്കേഴ്‌സ് വീക്കിലിയുടെ ഉദ്ഘാടന ചടങ്ങിൽ പോലും ജവഹര്‍ലാല്‍ നെഹ്റു പ്രത്യേകം പറഞ്ഞിരുന്നു. തന്നെ വിമർശിച്ച് വരയ്ക്കുന്നില്ലല്ലോ എന്ന് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കാർട്ടൂണിസ്റ്റിനോട് ചോദിച്ച സഹൃദയത്വത്തിന്റെയും സഹിഷ്ണുതയുടെയും വലിയൊരു ജനാധിപത്യ പാരമ്പര്യം നമുക്കുണ്ട്.

മുഖ്യമന്ത്രിമാരായ കെ.കരുണാകരനും ഇ.കെ. നായനാരും ഉമ്മൻ ചാണ്ടിയും തങ്ങളെ വിമർശിച്ചും പരിഹസിച്ചുമുള്ള കാർട്ടൂണുകളോട് അസ്വസ്ഥത കാട്ടിയിട്ടില്ലെന്ന് മാത്രമല്ല, ആസ്വദിക്കുക കൂടി ചെയ്തിരുന്നു.

ഇവിടെയിതാ, നമ്മുടെ മുഖ്യമന്ത്രിക്ക് തനിക്കെതിരെ വരുന്ന കാർട്ടൂണിനെപ്പോലും സഹിഷ്ണുതയോടെ കാണാൻ മനസുവരുന്നില്ല. കാർട്ടൂണുകൾക്കും വാർത്തകൾക്കും വിമർശനങ്ങൾക്കും നേരെ പിണറായി വിജയൻ പത്രസമ്മേളനത്തിൽ പൊട്ടിത്തെറിക്കുകയാണിപ്പോൾ. ഭരണാധികാരിക്ക് വാഴ്ത്തുപാട്ടുകൾ മാത്രം പാടാൻ നമ്മുടെ രാജ്യത്തിന്റെ പേര് ഉത്തര കൊറിയ എന്നോ ചൈനയെന്നോ അല്ലല്ലോ.

‘മലയാള മനോരമ’യിലെ ഒരു കാർട്ടൂൺ പോലും ഉൾക്കൊള്ളാനാവാത്ത അസഹിഷ്ണുത ഒരു ഭരണാധികാരിക്ക് ഉണ്ടെങ്കിൽ അത് നാടിന് നല്ലതല്ല.

പി.സി.വിഷ്ണുനാഥ്

"താങ്കൾ ഈയിടെയായി എന്നെ വിമർശിച്ച് വരയ്ക്കുന്നില്ലല്ലോ ?" മലയാളികളുടെ അഭിമാനമായ കാർട്ടൂണിസ്റ്റ് ശങ്കറിനെ കണ്ടപ്പോൾ…

Posted by Pc vishnunadh on Sunday, August 9, 2020