ഒരു ലക്ഷത്തോളം പ്രവാസികളെ പുറത്താക്കാന്‍ കുവൈറ്റ്

single-img
10 August 2020

വിദേശികള്‍ കൂടുതലുള്ള രാജ്യത്തെ ജനസംഖ്യയിലെ അസന്തുലിതത്വം പരിഹരിക്കുന്നതിന്റെയും അവിദഗ്ധ തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിന്റെയും ഭാഗമായി ഒരു ലക്ഷത്തോളം പ്രവാസികളെ കുവൈറ്റ് പുറത്താക്കാന്‍ തയ്യാറെടുക്കുന്നു .

യാതൊരുവിധ പ്രവര്‍ത്തനമോ ഓഫീസുകളോ ഇല്ലാതെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനികള്‍ വിസാ കച്ചവടം നടത്തുന്നത് തടയാനുള്ള നടപടികളും ഇതുവഴി സുരക്ഷാ വകുപ്പുകള്‍ ശക്തമാക്കിയിരിക്കുകയാണ്. കുവൈറ്റിലാകെ 450 വ്യാജ കമ്പനികള്‍ ഈ രീതിയില്‍ വിസാ കച്ചവടം നടത്തി ഒരു ലക്ഷത്തോളം പ്രവാസികളെ രാജ്യത്ത് എത്തിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തപ്പെട്ടത്. ഇത്തരത്തില്‍ എത്തിചേര്‍ന്നവരെ ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് നിന്നും പുറത്താക്കാനാണ് തീരുമാനം.

പ്രവര്‍ത്തനം ഇല്ലാത്ത കമ്പനികള്‍ വിസ നല്‍കി കുവൈത്തിലേക്ക് കൊണ്ടുവന്ന ആളുകളില്‍ ഭുരിപക്ഷവും ഈ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയല്ല ജോലി ചെയ്യുന്നതെന്ന് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. അതിനാല്‍ ഇത്തരം സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കും. ഈ സമയം വരെ രാജ്യമാകെ മുന്നൂറിലധികം കമ്പനികളുടെ അന്വേഷണം പൂര്‍ത്തിയിക്കായിട്ടുണ്ടെന്നും സ്ഥാപനങ്ങളൊന്നും യാതൊരു വിധ വാണിജ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നില്ലെന്നും കണ്ടെത്തുകയുണ്ടായി.

പ്രവര്‍ത്തനം ഇല്ലാത്ത വ്യാജ കമ്പനികളുടെ പേരില്‍ വിസകള്‍ നല്‍കി മറ്റ് രാജ്യങ്ങളില്‍ നിന്നും ആളുകളെ കുവൈറ്റില്‍ എത്തിക്കുകയുംതുടര്‍ന്ന്മറ്റ് സ്ഥാപനങ്ങളില്‍ ഇവര്‍ ജോലി ചെയ്യുകയുമാണ് ചെയ്യുന്നത്. ഇതുപോലുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് 55 സ്വദേശികളടക്കം 535 പേര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്.