ഐപിഎൽ സ്പോൺസർഷിപ്പ്; രംഗത്ത് ബാബ രാംദേവിന്‍റെ പതഞ്ജലിയും

single-img
10 August 2020

ട്വന്റി ട്വന്റി ക്രിക്കറ്റ് മാമാങ്കമായ ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ സ്പോൺസർഷിപ്പിൽ നിന്ന് അടുത്തിടെ ചൈനീസ് കമ്പനിയായ വിവോ പിൻമാറിയ ഒഴിവില്‍ യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ആയുർവേദിനെ പരിഗണിക്കുന്നതായി റിപ്പോർട്ട്.തങ്ങളുടെ ബ്രാൻഡിന് ആഗോള വിപണന വേദി ലഭിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഈ വർഷത്തെ ഐ‌പി‌എൽ ടൈറ്റിൽ സ്പോൺസർഷിപ്പിന് ശ്രമം നടത്തുന്നതായി പതഞ്ജലിയുടെ വക്താവ് എസ് കെ തിജരാവാല അറിയിക്കുകയായിരുന്നു.

ഇന്ത്യയും ചൈനയും തമ്മില്‍ ഉണ്ടായ അതിർത്തി സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ദേശീയതാ വാദം വന്നതോടെയായിരുന്നു ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പിൽ നിന്ന് ചൈനയില്‍ നിന്നുള്ള കമ്പനിയായ വിവോയ്ക്ക് പിന്മാറേണ്ടി വന്നത്. ഈ ഒഴിവില്‍ ഉടന്‍ തന്നെ സ്പോൺസർഷിപ്പിനായ് പതഞ്ജലി, ബിസിസിഐയെ സമീപിക്കുകയായിരുന്നു.

പതഞ്ജലിമാത്രമല്ല, റിലയന്‍സ് ജിയോ, ആമസോൺ, ടാറ്റ ഗ്രൂപ്പ്, ഡ്രീം 11,ബൈജൂസ്‌ എന്നിങ്ങിനെയുള്ള കമ്പനികളും മത്സരം ശക്തമാക്കി ഐ‌പി‌എൽ സ്പോൺസർഷിപ്പിനായി രംഗത്തുണ്ട്.പതഞ്‌ജലി ഇപ്പോള്‍ കഴിഞ്ഞ രണ്ട് വർഷമായി നഷ്ടത്തിലാണ്. ഓരോ വര്‍ഷവും 440 കോടി രൂപയാണ് ടൈറ്റിൽ സ്പോൺസറെന്ന നിലയിൽ വിവോ, ബിസിസിഐയ്ക്ക് നൽകിയിരുന്നത്. അതുകൊണ്ടുതന്നെ രണ്ട് വർഷത്തെ നഷ്ടത്തിന്‍റെ സാഹചര്യത്തിൽ ഇതേതുക പതഞ്ജലിക് നല്കാനാവുമോ എന്ന കാര്യവും സംശയത്തിലാണ്.