വെള്ളപ്പൊക്കം കാണാനെത്തി: നിന്ന സ്ഥലമിടിഞ്ഞ് പുഴയിൽ വീണ് 60കാരനെ കാണാതായി

single-img
10 August 2020

ശമനമില്ലാതെ പെയ്യുന്ന പത്തനംതിട്ടയിൽ ഒരാളെ പുഴയിൽ വീണു കാണാതായി. കൊടുന്തറയിൽ അച്ചൻകോവിലാറിന്റെ തീരം ഇടിഞ്ഞാണ് ഇയാളെ കാണാതായത്. അഴൂർ അമ്മിണിമുക്ക് മാലേത്ത് വീട്ടിൽ രാജൻ പിള്ള (62) ആണ് ഒഴുക്കിൽ പെട്ട് അപ്രത്യക്ഷമായത്. 

 ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. രാജൻപിള്ള വെള്ളപ്പൊക്കം കാണാനെത്തിയതായിരുന്നു. തിരച്ചിലിനായി അഗ്നിശമന സേനയെത്തിയെങ്കിലും ഒഴുക്കു കൂടുതലായതിനാൽ മടങ്ങിപ്പോകുകയായിരുന്നു. 

അതേസമയം ഇന്നും കേരളത്തിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കാസർ​കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. മലയോര മേഖലയിൽ കനത്ത മഴ ലഭിച്ചേക്കും.

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട പുതിയ ന്യൂനമർദത്തിന്റെ സ്വാധീനം കാരണമാണ് കനത്തമഴ തുടരുന്നതെന്നാണ് റിപ്പോർട്ട്. ഒഡിഷ-ആന്ധ്രാപ്രദേശ് തീരത്താണ് ന്യൂനമർദം രൂപംകൊണ്ടത്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തിങ്കളാഴ്ചത്തേക്കുകൂടി നീട്ടിയിട്ടുണ്ട്.