പുറത്തുള്ളവരെ ഇവിടെ താമസിപ്പിക്കേണ്ട: കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നാട്ടുകാരുടെ സംഘം ചേർന്നുള്ള ആക്രമണം

single-img
9 August 2020

കോവിഡ് രോഗബാധയുടെ പേരിൽ വീണ്ടും നാട്ടുകാരുടെ സംഘം ചേർന്നുള്ള ആക്രമണം. കൊവിഡ് കേന്ദ്രത്തിൽ നിരീക്ഷണത്തിലുള്ളവരെയാണ് നാട്ടുകാർ ആക്രമിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. തിരുവനന്തപുരം പുല്ലുവിളയിലാണ് സംഭവം. 

പുല്ലുവിള സ്വദേശികളല്ലാത്തവർ പ്രദേശത്തെ നിരീക്ഷണകേന്ദ്രത്തിൽ നിന്നും പോവണമെന്നാവശ്യപ്പെട്ടാണ് ഒരു സംഘം ആക്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ. നിരീക്ഷണ കേന്ദ്രത്തിലുള്ളവരുടെ പരാതിയിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. 

കരുംകുളം പഞ്ചായത്തിലെ ആളുകളെ പുല്ലുവിളയിലെ കൊവിഡ് നിരീക്ഷണകേന്ദ്രത്തിലാണ് പാർപ്പിച്ചത്. പുല്ലുവിളയുള്ളവർക്ക് പുറത്ത് ചികിത്സ ലഭ്യമല്ലെന്നിരിക്കെ പുറത്ത് നിന്നുള്ളവരെ ഇവിടെ ചികിത്സിക്കുന്നത് എന്തിനാണ് എന്ന് ചോദിച്ചായിരുന്നു അക്രമണം. മപ്പതിലേറേവരുന്ന വരുന്ന ആളുകൾ സ്ത്രീകളേയും കുട്ടികളേയും ആക്രമിച്ചതായി നിരീക്ഷണകേന്ദ്രത്തിലുണ്ടായിരുന്ന വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി പറഞ്ഞു.

ആക്രമണത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ലോക്ഡൗൺ നീക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നാട്ടുകാർ പുല്ലുവിളയിൽ തെരുവിലിറങ്ങിയും പ്രതിഷേധിച്ചിരുന്നു.