മാധ്യമങ്ങളോട് എന്നും മുഖ്യമന്ത്രിക്ക് പുച്ഛവും അവജ്ഞയും ; മുല്ലപ്പള്ളി

single-img
9 August 2020

മാധ്യമങ്ങളോട് എന്നും മുഖ്യമന്ത്രിക്ക് പുച്ഛവും അവജ്ഞയുമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ . നിറംപിടിപ്പിച്ച നുണകള്‍ പ്രചരിപ്പിക്കുന്ന ദേശാഭിമാനി മാത്രം വായിച്ചു വളര്‍ന്ന വ്യക്തിയില്‍ നിന്നും ഇത്തരമൊരു പെരുമാറ്റം തുടരെ ഉണ്ടാകുന്നതില്‍ അത്ഭുതപ്പെടാനില്ലയെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു .

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യകണ്ണിയായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സംരക്ഷിച്ചത് മുഖ്യമന്ത്രിയ്ക്ക് വിനയായോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില്‍ എന്തിനാണ് ഇത്ര ക്ഷുഭിതനാകുന്നത്. ഇത്രയും നാള്‍ മുഖ്യമന്ത്രി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സംരക്ഷിച്ചു കൊണ്ടിരുന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചതില്‍ എന്താണ് തെറ്റുള്ളതെന്നും മുല്ലപ്പള്ളി ചോദിച്ചു.

മാധ്യമങ്ങളെ കടക്കുപുറത്തെന്ന് ആക്രോശിച്ച് ആട്ടിപ്പുറത്താക്കിയ സംഭവം കേരളം ഒരിക്കലും മറക്കില്ല. ചോദ്യങ്ങളെ അസഹിഷ്ണുതയോടെ നേരിടുന്ന വ്യക്തിയാണ് മുഖ്യമന്ത്രി. അഹങ്കാരവും ഗര്‍വ്വും ക്രോധവുമെല്ലാം ഫാസിസ്റ്റുകളുടെ രാഷ്ട്രീയ ശൈലിയാണ്. സ്റ്റാലിനിസ്റ്റായ മുഖ്യമന്ത്രിയുടെ തനിസ്വഭാവം എത്ര ശ്രമിച്ചാലും മാറ്റാന്‍ സാധ്യമല്ല. വിയോജിക്കുന്നവരോട് ദുര്‍മുഖം കാട്ടുന്നത് യഥാര്‍ത്ഥ രാഷ്ട്രീയമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.