മോഹൻലാലിൻ്റെ പേരിലൊരു ഫോണ്ട്, പ്രൊപ്പോസൽ നൽകിയെങ്കിലും മറുപടി കിട്ടിയില്ല: ഭട്ടതിരി

single-img
9 August 2020

സാങ്കേതികതയുടെ ഈ കാലത്ത് എന്ത് കെെയക്ഷരം? ഇപ്പോൾ എല്ലാം കമ്പ്യുട്ടറിൽ ഡിസെെൻ ചെയ്യുന്നവയല്ലേ? കെെയക്ഷരത്തിനു അത്രയ്ക്കു പ്രാധാന്യമുണ്ടോ? ചോദ്യങ്ങൾ ഇങ്ങനെ നീളുമ്പോൾ കെെയക്ഷരത്തിന് പ്രാധാന്യമുണ്ട് എന്നു ഉറപ്പിച്ചു പറയാൻ ഈ മലയാള ഭൂമിയിൽ ഒരാളുണ്ട്. ആർട്ടിസ്റ്റ് ഭട്ടതിരി. കൈയെഴുത്തിലൂടെ അക്ഷരങ്ങള്‍ക്ക് ജീവന്‍ മാത്രമല്ല, വിചാരവികാരങ്ങള്‍ കൂടി പകര്‍ന്നുകൊടുക്കും അദ്ദേഹം. അത്രയ്ക്ക് അമ്പരപ്പിക്കുന്നവയാണ് ഭട്ടതിരിയുടെ കാലിഗ്രാഫ് വർക്കുകൾ.

മലയാളികള്‍ക്ക്, പ്രത്യേകിച്ച് കയ്യെഴുത്തുകളെ സ്‌നേഹിക്കുന്നവര്‍ക്ക് നാരായണ ഭട്ടതിരിയെന്ന ആര്‍ട്ടിസ്റ്റ് ഭട്ടതിരിക്ക്‌ ഒരു ആമുഖത്തിൻ്റെ ആവശ്യമുണ്ടോ? ഇല്ല എന്നു തന്നെ പറയേണ്ടിവരും. 

പേപ്പറിൽ പേന കൊണ്ടു വരയ്ക്കുന്ന കാലിഗ്രഫി വർക്കുകൾ എല്ലായ്പ്പോഴും ആകർഷകങ്ങളാണ്. അതു ഭട്ടതിരിയുടേത് ആകുമ്പോൾ ആകർഷണീയത കൂടും. കേവലം ഒരു കൈപ്പട എന്നതില്‍ നിന്നും കാലിഗ്രഫി വളരെയേറെ വളര്‍ന്ന് ഒരു കലാരൂപമായി മാറിക്കഴിഞ്ഞുവെന്ന് ഭട്ടതിരി മുമ്പ് പറഞ്ഞിട്ടുണ്ട്.  മലയാളത്തില്‍ മാത്രമല്ല, ദക്ഷിണേന്ത്യയില്‍ ആകെത്തന്നെ കാലിഗ്രഫി വളരെ ശുഷ്‌കമാണ്. എന്നാല്‍ ഇപ്പോള്‍ പുതുതലമുറ ഇതിലേക്ക് ആകൃഷ്ടരായി വരുന്നുണ്ടെന്നും ഭട്ടതിരി വ്യക്തമാക്കിയിരുന്നു.  അതുകൊണ്ടു തന്നെ കാലിഗ്രഫി എന്നും പ്രസക്തിയുള്ള ഒരു കലയാണെന്നാണ് ദഭട്ടതിരിയുടെ വാദം. 

മലയാളത്തിൻ്റെ മഹാനടൻ മോഹൻലാലിൻ്റെ പേരിൽ ഒരു ഫോണ്ട് രൂപകൽപ്പന ചെയ്യുവാനുള്ള താൽപര്യം അറിയിച്ചിരിക്കുകയാണ് ഭട്ടതിരി. കളം ന്യുസിന് നൽകിയ ഒരു വീഡിയോ ഇൻ്റർവ്യൂവിലാണ് ഭട്ടതിരി ഇക്കാര്യം പറഞ്ഞത്. താൽപര്യം വ്യക്തമാക്കിക്കൊണ്ട് ഒരു പ്രൊപ്പോസൽ താൻ മോഹൻലാലിനു സമർപ്പിച്ചുവെന്നും  ഭട്ടതിരി പറയുന്നു. എന്നാൽ ആ പ്രൊപ്പോസലിന് മറുപടി ലഭിച്ചിട്ടില്ല. അനുകൂലമായ മറുപടി ലഭിച്ചിരുന്നെങ്കിൽ മോഹൻലാലിൻ്റെ പേരിൽ മലയാളത്തിന് ഒരു ഫോണ്ട് ഉണ്ടാകുമായിരുന്നുവെന്നും ഭട്ടതിരി വ്യക്തമാക്കുന്നു. 

എന്തുകൊണ്ടാണ് ഭട്ടതിരി ആ പ്രത്യേക ഫോണ്ടിന് മോഹൻലാൽ എന്നു പേരിടുവാൻ തീരുമാനിച്ചത്? അതിനു കാരണവും അദ്ദേഹം പറയുന്നുണ്ട്. മലയാള ഭഷയുള്ളിടത്തോളം കാലം മോഹൻലാൽ എന്ന പേര് നിലനിൽക്കും. അതിനൊപ്പം അദ്ദേഹത്തിൻ്റെ പേരിലുള്ള ഫോണ്ടും കാണും. കേരളത്തിലെ എല്ലാ കമ്പ്യൂട്ടറുകളിലും ആ ഫോണ്ടിന് സ്ഥാനമുണ്ടാകും. ഒരു പക്ഷേ സിനിമയേക്കാൾ കൂടുതൽ ജനകീയത ആ ഫോണ്ടിനു ലഭിക്കുമെന്നും ഭട്ടതിരി പറയുന്നു. 

ഭട്ടതിരി പറഞ്ഞത് ശരിയാണ്. മോഹൻലാൽ എന്ന പേരിൽ ഒരു ഫോണ്ട് ഭട്ടതിരിയുടെ രൂപകൽപ്പനയിൽ പുറത്തിറങ്ങിയാൽ മലയാള ഭഷ ഈ ഭൂമുഖത്തു നിലനിൽക്കന്നിടത്തോളം കാലം അതിനും നിലനിൽപ്പുണ്ടാകും. ജനങ്ങളുടെ മനസ്സിൽ സ്ഥാനമുണ്ടാകും. എന്നാൽ ഒരു പൂർണ്ണമായും കമ്പ്യൂട്ടറിലേക്കു മാറണം എന്നല്ല അദ്ദേഹം പറയുന്നത്. ഈ മാറിയ കാലത്തിൽ കമ്പ്യുട്ടർ മാത്രം ഉപയോഗിക്കുന്നവരുണ്ട്. അവർക്ക് കീബോർഡാണ് പേന. അക്ഷരം ഫോണ്ടും. 

പുതിയ കലാകാരന്മാര്‍ കമ്പ്യൂട്ടറിനെ കൂടുതല്‍ ആശ്രയിക്കാതെ പേനയും മഷിയുമുപയോഗിച്ചു കാലിഗ്രഫി ചെയ്യണമെന്ന വാദക്കാരനാണ് ഭട്ടതിരി. പക്ഷേ ഭട്ടതിരി ഒരിക്കലും കമ്പ്യൂട്ടറിനെ തള്ളിപ്പറയുകയും ചെയ്യുന്നില്ല. കാലിഗ്രഫിക്കും കൈപ്പടക്കും നല്ലത് എപ്പോഴും പേനയും മഷിയുമാണ്. അതിനി കാലങ്ങളോളം അങ്ങനെ ആയിരിക്കുകയും ചെയ്യും. ഫൗണ്ടന്‍ പേന ഉപയോഗിച്ചെഴുതാന്‍ പഠിച്ചാല്‍ കയ്യക്ഷരം നന്നാവുമെന്ന ഉറപ്പ് ഭട്ടതിരി തന്നെ പലതവണ നൽകിയിട്ടുമുണ്ടെന്നും ഓർക്കണം.