342 ക്യാമ്പുകളിലായി കഴിയുന്നത് 3,530 കുടുംബങ്ങൾ: സംസ്ഥാനത്ത് അതിതീവ്ര മഴ ഭീഷണി വീണ്ടും

single-img
9 August 2020

സംസ്ഥാനത്ത് മഴ വ്യാപകമായ സാഹചര്യത്തില്‍ 342 ക്യാമ്പുകളിലായി 3,530 കുടുംബങ്ങളെയാണ് സംസ്ഥാനത്ത് മാറ്റി പാര്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൊത്തം 11,446 പേരാണ് ക്യാമ്പുകളിലുള്ളത്. ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ ഉള്ളത് വയനാട് ജില്ലയിലാണെന്നും അദ്ദേഹം പറഞ്ഞു. 69 ക്യാമ്പുകളിലായി 3,795 പേരെയാണവിടെ മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. 

പത്തനംതിട്ട ജില്ലയില്‍ 43 ക്യാമ്പുകളിലായി 1,015 പേരേയും, കോട്ടയത്ത് 38 ക്യാമ്പുകളിലായി 801 ആളുകളേയും എറണാകുളത്ത് 30 ക്യാമ്പുകളിലായി 852 പേരേയും ഇടുക്കിയില്‍ 17 ക്യാമ്പുകളിലായി 542 ആളുകളേയും മലപ്പുറത്ത് 18 ക്യാമ്പുകളിലായി 890 പേരേയും മാറ്റിപ്പാര്‍പ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 

അടുത്ത ദിവസങ്ങളിലും അതിതീവ്ര മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.