ടിക് ടോക് പ്രതീക്ഷ നശിച്ചവർക്ക് റീൽസ് ആശ്വാസമാകുന്നു: സക്കര്‍ബര്‍ഗിൻ്റെ ആസ്തി പതിനായിരം കോടി ഡോളര്‍ കടന്നു

single-img
9 August 2020

ടിക് ടോക്കിന് ബദലായി ഒന്നിനേയും സങ്കൽപ്പിക്കാനാകാത്ത അവസ്ഥയിലായിരുന്നു ഇന്ത്യക്കാർ. അപ്പോഴാണ് ഇടിത്തീപോലെ നിരോധനം എത്തിയത്. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ടിക് ടോക് തിരിച്ചുവരുമെന്നുള്ള പ്രതീക്ഷകളും അണഞ്ഞു. അതോടെ എന്തുചെയ്യണം എന്ന നെട്ടോട്ടത്തിലായിരുന്നു ടിക് ടോക് ഫാൻസ്. അപ്പോഴാണ്   ഇന്‍സ്റ്റഗ്രാം പതിപ്പായ റീല്‍സ് എ്തുന്നത്. 

ടിക് ടോകിന്റെ പകരക്കാരന്‍ എന്ന നിലയിലാണ് ഇന്‍സ്റ്റാഗ്രാം റീല്‍സ് അവതരിപ്പിച്ചത്. 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ചെറിയ വിഡിയോകളാണ് ഇതില്‍ സൃഷ്ടിക്കാന്‍ സാധിക്കുക. വിഡിയോ റെക്കോര്‍ഡ് ചെയ്യാനും എഡിറ്റ് ചെയ്യാനുമുള്ള സംവിധാനമുണ്ട്.

റീല്‍സിനെക്കുറിച്ച് നല്ല വാർത്തകളാണ് ഇപ്പോൾ കേൾക്കുന്നത്. റീൽസ് അവതരിപ്പിച്ചതോടെ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആസ്തി പതിനായിരം കോടി ഡോളര്‍ കടന്നുവെന്നുള്ളതാണ് പുതിയ വാർത്ത. ആമസോണ്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ജെഫ് ബെസോസ്, മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് എന്നിവര്‍ക്കൊപ്പമാണ് സക്കര്‍ബര്‍ഗ് പതിനായിരം കോടി ക്ലബില്‍ ഇടംനേടിയത്.

റീല്‍സ് അവതരിപ്പിച്ചതിന് പിന്നാലെ ഫേസ്ബുക്കിന്റെ ഓഹരി വില ആറ് ശതമാനത്തോളം ഉയര്‍ന്നിട്ടുമുണ്ട്. ഫേസ്ബുക്കിന്റെ 13 ശതമാനം ഓഹരികള്‍ സക്കര്‍ബര്‍ഗിന്റേതാണ്. തൻ്റെ ഓഹരിയുടെ 99 ശതമാനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റവയ്ക്കാനാണ് സക്കര്‍ബര്‍ഗിന്റെ ഇപ്പോഴത്തെ പദ്ധതി.