ഹിരോഷിമ, നാഗസാക്കി; ഏഴര പതിറ്റാണ്ടിന്റെ നീറുന്ന ഓര്‍മ

single-img
9 August 2020

1945 ഓഗസ്റ്റ് ആറും ഒന്‍പതും ഞെട്ടലോടെയല്ലാതെ ആ ദിവസങ്ങൾ ഓര്‍മിക്കാൻ സാധിക്കില്ല. ജപ്പാനിലെ ഹിരോഷിമയും നാഗസാക്കിയും ആണവായുധത്തിന്‍റെ ഇരയായ ദിവസം .കാലങ്ങൾക്കിപ്പുറവും പേടിപ്പെടുത്തുന്ന ഓർമയാണ്. 1945 ഓഗസ്റ്റ് ആറ് രാവിലെ 8.15-ന് തലസ്ഥാനമായ ടോക്കിയോയ്ക്ക് കിലോമീറ്ററുകൾക്കിപ്പുറമുള്ള ഹിരോഷിമയിൽ ലോകത്തിലെ ഏറ്റവും പ്രഹരശേഷിയുള്ള അണു ബോംബ് വർഷിക്കപ്പെട്ടു. ആകാശത്തു നിന്ന് നിലത്തേക്ക് ബോംബ് പതിച്ചതിന് പിന്നാലെ പ്രവഹിച്ച 6,000 ഡിഗ്രി സെഷ്യസിൽ ജീവൻ നഷ്ടമായത് 80,000-ത്തോളം പേർക്കാണ്. ജീവൻ ബാക്കിയായവർ അനുഭവിച്ചത് പ്രാണൻ പോകുന്ന വേദന. ബോംബിന്റെ അണുവികിരണമേറ്റും കാൻസറടക്കമുള്ള മാരക രോഗങ്ങളാലും ഹിരോഷിമയിൽ മരണമടഞ്ഞത് 1,40,000 പേർ.

ഇതിന് മൂന്നു ദിവസങ്ങൾക്ക് ശേഷം ഫാറ്റ് മാനെന്ന അണുബോംബുമായി അമേരിക്ക വീണ്ടുമെത്തി, നാഗസാക്കിയെ ലക്ഷ്യം വെച്ച്. 4630 കിലോ ഭാരവും ഉഗ്രസ്ഫോടകശേഷിയുള്ള അണ്വായുധമായിരുന്നു ഇത്.1945 ഓഗസ്റ്റ് ആറിന് ഹിരോഷിമയിൽ ലോകത്തിലെ ആദ്യ അണുബോംബ് പൊട്ടിച്ചിതറിയതിന്റെ മൂന്നാംനാൾ, ഓഗസ്റ്റ് ഒൻപതിന് നാഗസാക്കിയും അതിനിരയായി. ഓഗസ്റ്റ് ഒന്‍പതിനു രാവിലെ 11 മണി കഴിഞ്ഞു രണ്ടു മിനിറ്റായപ്പോഴായിരുന്നു നാഗസാക്കിയിലെ പ്ളൂട്ടോണിയം ബോംബാക്രമണം.കൃത്യാമായി പറഞ്ഞാൽ 75 വർഷങ്ങൾക്ക് മുൻപ് .1945 ഓഗസ്റ്റ് ഒന്‍പതിന് രാവിലെ 11 മണിക്ക് നാഗസാക്കിയുടെ മണ്ണില്‍ വീണ ഫാറ്റ്മാന്‍ എന്നു പേരിട്ടിരുന്ന ആ ബോംബ് ഉടന്‍ കൊന്നൊടുക്കിയത് 40,000 പേരെ . അവിടെയും ജീവനോടെ ബാക്കിയായവര്‍ക്കു ഗുരുതരമായ പരുക്കുകളും ആണവപ്രസരം മൂലമുള്ള മാരക രോഗങ്ങളുമായി ദശകങ്ങളോളം മല്ലിടേണ്ടിവന്നു. രണ്ടു നഗരങ്ങളിലുമായി മരിച്ചവര്‍ മൂന്നര ലക്ഷത്തിലേറെയാണ്.

ഹിരോഷിമയിലും നാഗസാക്കിയിലും ആണവ ബോംബിടാന്‍ ഉത്തരവിട്ടത് ട്രൂമാനാണ്. ഇത്രയും വലിയ കടുംകൈ ആവശ്യമുണ്ടായിരുന്നുവോ, സാധാരണപോലുള്ള യുദ്ധത്തിലൂടെതന്നെ ജപ്പാനെ കീഴടക്കാന്‍ കഴിയുമായിരുന്നില്ലേ എന്നീ ചോദ്യങ്ങളെ ട്രൂമാന് അഭിമുഖീകരിക്കേണ്ടിവന്നു. ആണവ ബോംബ് ഉപയോഗിക്കാന്‍ നിര്‍ബന്ധിതനായി എന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണംഹിരോഷിമയിലെ ആണവാക്രമണത്തിനു ശേഷവും കീഴടങ്ങാന്‍ ജപ്പാന്‍ വിസമ്മതിക്കുകയായിരുന്നു. ഒടുവില്‍, ഹിരോഹിതോ ചക്രവര്‍ത്തി റേഡിയോയിലൂടെ കീഴടങ്ങല്‍ പ്രഖ്യാപിച്ചത് ഓഗസ്റ്റ് 15നാണ്. അതായത് നാഗസാക്കിയിലെ കൂട്ടക്കുരുതിയും കഴിഞ്ഞ് ആറു ദിവസമായപ്പോള്‍. അതിനിടയില്‍, മഞ്ചൂറിയ ആക്രമിച്ചുകൊണ്ട് ഓഗസ്റ്റ് എട്ടിനു സോവിയറ്റ് യൂണിയനും ജപ്പാനെതിരെ യുദ്ധത്തിലിറങ്ങുകയുണ്ടായി. കീഴടങ്ങാന്‍ ജപ്പാനെ പ്രേരിപ്പിക്കുന്നതില്‍ ഇതുമൊരു പങ്കുവഹിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ഏറെക്കുറെ തിരശ്ശീല വീഴാറായെന്നറിഞ്ഞിട്ടും അമേരിക്ക എന്തിനീ കടുംകൈ ചെയ്തുവെന്നത് ഇന്നുമൊരു ചോദ്യമായി അവശേഷിക്കുന്നു.