റണ്‍വേ ഇല്യൂഷന്‍: ടേബിൾടോപ്പ് റൺവേയിൽ ഒളിഞ്ഞിരിക്കുന്ന വില്ലൻ

single-img
8 August 2020

കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ ഇന്ന് നടന്ന വിമാന അപകടത്തിൽ വില്ലനായത് ടേബിൾടോപ്പ് റൺവേ ആണെന്ന നിഗമനവും പുറത്തുവരുന്നുണ്ട്. അപകട സാധ്യത ഏറെയുള്ള ടേബിള്‍ ടോപ് റണ്‍വേ പലപ്പോഴും പൈലറ്റുമാരുടെ പേടി സ്വപ്‌നമാണ്. അനുകൂല കാലാവസ്ഥയിലും ടേബിള്‍ ടോപ് റണ്‍വേയില്‍ വിമാനം ഇറക്കുക എന്നതും ഏറെ സാഹസകരമാണ്. കരിപ്പൂരും ലാന്‍ഡിങ് ശ്രമകരമായ വിമാനത്താവളമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 

താഴ് വരയുടെ നടുക്ക് കുന്നില്‍പുറം ചെത്തിമിനുക്കി മേശപ്പുറം പോലെ നിര്‍മിച്ചതാണ് കരിപ്പൂരിലെ റണ്‍വേ. ഒന്ന് തെന്നിയാല്‍ മേശപ്പുറത്ത് നിന്നെന്ന പോലെ താഴേക്ക് വീഴും. ടേബിള്‍ ടോപ് റണ്‍വേകളില്‍ പൈലറ്റിന് റണ്‍വേ കാണാന്‍ ബുദ്ധിമുട്ട് നേരിടാറുണ്ട്. കോക്പിറ്റില്‍ നിന്നുമുള്ള പൈലറ്റിന്റെ കാഴ്ചയില്‍ ഒന്നുകില്‍ റണ്‍വേ യാഥാര്‍ഥ്യത്തില്‍ നിന്ന് ദൂരെയായി കാണുക, അല്ലെങ്കില്‍ അടുത്ത് കാണുക…റണ്‍വേ ഇല്യൂഷന്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. 

ടേബിള്‍ ടോപ്പ് റണ്‍വേകളില്‍ 11,000 അടി ഉയരത്തില്‍ പൈലറ്റിന് റണ്‍വേ കാണാനായാല്‍ മാത്രമാണ് ലാന്‍ഡിങ്ങിന് അനുമതി ലഭിക്കുക. മംഗലാപുരം വിമാനാപകടത്തിന് കാരണമായ ഘടകങ്ങളില്‍ ഒന്ന് ടേബിള്‍ ടോപ് റണ്‍വേയാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. 

കരിപ്പൂരില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് പൈലറ്റിന് കാഴ്ച നഷ്ടപ്പെട്ടതാവാം എന്നും വിലയിരുത്തപ്പെടുന്നുണ്ട്. കാഴ്ച നഷ്ടപ്പെട്ട് റണ്‍വേയുടെ കൃത്യമായ സ്ഥലത്ത് ലാന്‍ഡ് ചെയ്യാതെ മുന്നിലായി ലാന്‍ഡ് ചെയ്താല്‍ ഓടാന്‍ സ്ഥലം തികയാതെ വരും. റണ്‍വേ കടന്ന് അപകടത്തിലേക്കും അത് എത്തിക്കും.

സാധാരണ വിമാന താവളങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഇവ. ടേബിൾടോപ്പ് റൺവേകളിൽ 11,000 അടി ഉയരത്തിൽ പൈലറ്റിന് റൺവേ കാണാനായാൽ മാത്രമാണ് ലാൻഡിങ്ങിന് അനുമതി നൽകുകയുള്ളു എന്നുള്ള കാര്യം എടുത്തപറയേണ്ട വസ്തുതയാണ്.

മേശപ്പുറം പോലെ ആകൃതിയുള്ള റൺ‌വേകളെയാണ് ടേബിൾടോപ്പ് റൺ‌വേ എന്ന് വിളിക്കുക. കുന്നിൻ ചെരിവില് സ്ഥിതിചെയ്യുന്ന ഇത്തരം റൺവേകൾക്കും ചുറ്റും കൂടുതൽ താഴ്ചയുള്ള സ്ഥലമായിരിക്കും. എപ്പോഴെങ്കിലും ദിശ അല്പം തെറ്റിയാൽ മേശപ്പുറത്തുനിന്നു വീഴുമ്പോലെ വിമാനം താഴേക്ക് പതിക്കും.

അതേസമയം തന്നെ ഒപ്റ്റിൽക്കൽ ഇല്ല്യൂഷന്റെ തീവ്രതയുണ്ടാവുന്നതിനാൽ വിമാനം നിലത്തിറങ്ങുന്ന സമയത്ത് പൈലറ്റിന്റെ ഭാഗത്തുനിന്നും വളരെ ശ്രദ്ധ ആവശ്യമുണ്ട്. ഇന്ത്യയിൽ മംഗലാപുരം, കോഴിക്കോട്, മിസ്സോറാമിലെ ലെങ്പൊയി എന്നിവിടങ്ങളിൽ മാത്രമാണ്‌ ഇത്തരത്തിലുള്ള വിമാനത്താവളങ്ങളുള്ളത്.