യുപിയില്‍ പരശുരാമന്റെ പ്രതിമ പണിയാന്‍ സമാജ് വാദി പാര്‍ട്ടി; എതിര്‍പ്പുമായി ബിജെപി

single-img
8 August 2020

സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് യുപിയില്‍ പരശു രാമന്റെ പ്രതിമ നിര്‍മ്മിക്കാന്‍ സമാജ് വാദി പാര്‍ട്ടി ഒരുങ്ങുന്നു . സംസ്ഥാനത്തെ അധികാരത്തെ സ്വാധീനിക്കുന്ന വോട്ട് ബാങ്കായ മുസ്ലിം-യാദവ സഖ്യത്തിലേക്ക് ബ്രാഹ്മണ സമുദായത്തെ കൂടി എത്തിക്കാന്‍ ഇതുവഴി കഴിയുമെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടുന്നത്.

ഇതിന്റെ ഭാഗമായാണ് പരശുരാമന്റെ വലിയ പ്രതിമ നിര്‍മിക്കാന്‍ തീരുമാനം എടുത്തത്. എന്നാല്‍ ഇതിനെതിരെ ബിജെപി രംഗത്തെത്തി.നേരത്തെ അഖിലേഷ് യാദവ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അഭിഷേക് മിശ്രയ്ക്കാണ് പ്രതിമ നിര്‍മാണത്തിന്റെ ചുമതല. മഹാ വിഷ്ണുവിന്റെ അവതാരമായിട്ടാണ് പരശുരാമനെ വിശ്വാസികള്‍ കാണുന്നത്.

പരശുരാമന്റെ പ്രതിമ നിര്‍മാണത്തിലൂടെ ബ്രാഹ്മണ സമുദായത്തിന്റെ രക്ഷയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് എസ്പി നേതാക്കള്‍ പറയുന്നു. ഏകദേശം 108 അടിയുള്ള പ്രതിമയാണ് ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്നൗവില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. പാര്‍ട്ടി പരശുറാം ചേത്ന പീഠ് ട്രസ്റ്റ് എന്ന പേരില്‍ ഒരു ട്രസ്റ്റ് രൂപീകരിച്ച ശേഷം ട്രസ്റ്റാണ് പ്രതിമ നിര്‍മിക്കുക. ലഖ്നൗവിലുള്ള ജനേശ്വര്‍ മിശ്ര പാര്‍ക്കിലാണ് പ്രതിമ സ്ഥാപിക്കുക.