രാജമല ദുരന്തം: മരണസംഖ്യ 24; തെരച്ചിലിന് ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാറുകള്‍ ഉപയോഗിക്കും

single-img
8 August 2020

മൂന്നാർ രാജമലയ്ക്ക് അടുത്ത് പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കായി ദേശീയ ദുരന്ത നിവാരണസേനയുടെ നേതൃത്വത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇന്ന് ഉച്ചയോടെ ഒരാളുടെ കൂടി മൃതദേഹം കൂടി കണ്ടെടുത്തതോടെ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 24 ആയതായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചു.

ദുരന്തത്തില്‍ മരണപ്പെട്ടവരുടെയെല്ലാം പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാനാണ് ശ്രമം. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടു പോകണമെന്ന് ബന്ധുക്കൾ ഇതുവരെ ആവശ്യപ്പെടാത്ത സാഹചര്യത്തിൽ എല്ലാവരുടെയും സംസ്കാരം പെട്ടിയുടിയിൽ തന്നെ നടത്താനാണ് അധികൃതര്‍ തീരുമാനം എടുത്തിട്ടുള്ളത്.

നിലവില്‍ ആറ് മണ്ണുമാന്തി യന്ത്രങ്ങളാണ് ദുരന്തമുഖത്ത് പൂര്‍ണ്ണസമയം ജോലിചെയ്യുന്നത്. മണ്ണിടിച്ചിലില്‍ അകപ്പെട്ടവരെ കണ്ടെത്താൻ ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാറുകളെ ആശ്രയിക്കാനാണ് ദേശീയ ദുരന്ത നിവാരണ സേനയുടെ തീരുമാനം. മരണപ്പെട്ടവരുടെ പോസ്റ്റ് മോർട്ടം നടത്താൻ രാജമല എസ്റ്റേറ്റ് ആശുപത്രിയിൽ സൗകര്യങ്ങളൊരുക്കി കഴിഞ്ഞു.