മുൻ മുഖ്യമന്ത്രിയെപ്പോലെയാണ് ഈ മുഖ്യമന്ത്രിയുമെന്ന് വരുത്താന്‍ ശ്രമം നടക്കുന്നു: പിണറായി വിജയൻ

single-img
8 August 2020

സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താൻ പ്രഫഷണൽ ഉപജാപക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . അതിന് വേണ്ടി ചില മാധ്യമങ്ങളും പ്രവർത്തിക്കുന്നതായും, ഇത് വ്യക്തമായ രാഷ്ട്രീയ ​ഗൂഢാലോചനയുടെ ഭാ​ഗമാണ് എന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിയെപ്പോലെയാണ് ഈ മുഖ്യമന്ത്രിയുമെന്ന് വരുത്താനാണ് ഈ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ്ണ കടത്ത് കേസില്‍ ആരോപണ വിധേയനായ എം ശിവശങ്കറിനെയും സ്വപ്നയുരേഷിനെയും കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്വര്‍ണ്ണ കടത്ത് കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി നടക്കുന്ന കാര്യങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി നടക്കട്ടെ എന്ന് നോക്കണം. അല്ലാതെ ഇയാളെ നോക്ക് അന്വേഷിക്ക് എന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കേണ്ടതല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങിനെ:

യാതൊരു വസ്തുതയും ഇല്ലാതെ ആളുകളെ കുറ്റപ്പെടുത്തി. ഇതൊന്നും മാധ്യമധർമ്മമല്ല. അത് ഞാൻ വീണ്ടും ആവർത്തിക്കണോ. നിങ്ങൾക്ക് അത് ഉൾക്കൊള്ളാനാവില്ല. നിങ്ങളെ പറഞ്ഞുവിടുന്ന ആളുകൾക്ക് അത് സാധിക്കില്ല. ഒന്നും ഉൾക്കൊള്ളാൻ തയ്യാറാവുന്നില്ല.

ഞങ്ങൾ പിടിച്ച വഴിക്ക് പോകും ഞങ്ങളെ ചോദ്യം ചെയ്യാനാര് അത് ശരിയല്ല. ശരിയായ കാര്യം നിങ്ങൾ ചെയ്യുമ്പോൾ ആരെങ്കിലും നിങ്ങളെ വിമർശിക്കുമോ. സ്വാഭാവികമായ ചോദ്യമല്ല. ആ ഉദ്യോഗസ്ഥന് നേരെ നടപടികൾ വരുമ്പോൾ അവിടെ സ്വാഭാവികമായി അവസാനിക്കും. മുഖ്യമന്ത്രി ഇത്തരം കാര്യങ്ങൾക്ക് സ്ഥാപിക്കണമെന്നാണ് ആവശ്യം. നിങ്ങളെ പറഞ്ഞുവിടുന്നവരുടെ ആവശ്യമാണ്. ഇതിനായി നിങ്ങളെ പറഞ്ഞുവിടുന്ന സംഘത്തിന്റെ ആവശ്യമാണത്.

ഒരു പ്രശ്നം ഉണ്ടാകുന്നതും ചൂണ്ടിക്കാണിക്കുന്നതും, തെറ്റായ കാര്യത്തിൽ നടപടിയും രണ്ടാണ്. സ്പ്രിങ്ക്ളർ ഇടപാട് കോടതിയിലാണ്. നടപടി വന്നത് ഇദ്ദേഹത്തിന് വഴിവിട്ട ഇടപെടലെന്ന് ആക്ഷേപം വന്നു. അതിനെ തുടർന്ന് പരിശോധിച്ചപ്പോൾ അദ്ദേഹം ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തെന്ന് മനസിലാക്കി നടപടിയെടുത്തു. ചില മാധ്യമങ്ങൾക്ക് പ്രത്യേകമായ ഉദ്ദേശമുണ്ട്. അതിന്റെ പിന്നിൽ കളിക്കുന്നവരുണ്ട്.

ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് രാഷ്ട്രീയ മാനമുണ്ട്,. കേരളത്തിന്റെ അന്തരീക്ഷത്തിൽ ഇടത് സർക്കാരിന് വലിയ യശസ് വരുന്നു. അത് ചിലർക്ക് വല്ലാത്ത പൊള്ളലുണ്ടാക്കി. അത് രാഷ്ട്രീയമായ പ്രശ്നം. അതിനെ രാഷ്ട്രീയമായി നേരിടാനാവാതെ വരുമ്പോൾ ഉപജാപങ്ങളിലൂടെ നേരിടുന്നു.

ഇന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് പഴയ മുഖ്യമന്ത്രിയുടെ ഓഫീസ് പോലെയാണ്, ഇന്നത്തെ മുഖ്യമന്ത്രി പഴയ മുഖ്യമന്ത്രി തന്നെയെന്ന് വരുത്തിത്തീർക്കണം. ഞാനെണ്ണിപ്പറയണോ പഴയ മുഖ്യമന്ത്രിയുടെ കാര്യങ്ങൾ. അങ്ങനെ പറയണോ. എന്താണ് അന്ന് നടന്നതെന്ന്നിങ്ങൾക്കാർക്കെങ്കിലും അങ്ങിനെ വിലയിരുത്തലുണ്ടോ. രാഷ്ട്രീയമായി സർക്കാരിനെ അപകീർത്തിപ്പെടുത്തണം. അതിന് പല വഴികളും ആലോചിച്ചു. അതിന് പലമാർഗങ്ങളും സ്വീകരിച്ചു.

ഇന്നത്തെ പ്രൊഫഷണലിസം പല തരത്തിൽ ഉപയോഗിക്കും. അപകീർത്തിപ്പെടുത്താൻ എങ്ങിനെ സാധിക്കുമെന്ന് നോക്കാനും പ്രൊഫഷണലിസം ഉപയോഗിക്കും. അതിന്റെ ഭാഗമായി അതിന്റെ കൂടെ ചേരാൻ ചില മാധ്യമങ്ങളും തയ്യാറായി. അപ്പോഴാണ് സ്വർണ്ണക്കടത്ത് പ്രശ്നം വന്നത്. ആദ്യ ദിവസത്തെ പ്രസ്താവന മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധം, ഓഫീസിൽ നിന്ന് വിളി, ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ് അത് പറഞ്ഞത്. വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി വന്നതാണ്.

അതിന്റെ ഭാഗമായി നിങ്ങളിൽ ചിലരും ചേരുന്നു. നിങ്ങൾ കരുതരുത്, വാർത്തയുടെ മേലെയാണ് നിൽക്കുന്നതെന്ന്. ജനം എല്ലാം ശരിയായി മനസിലാക്കുന്നുണ്ട്. അതിൽ തന്നെയാണ് എനിക്ക് വിശ്വാസം. അതുകൊണ്ടാണ് തെറ്റായ വാർത്ത കൊടുക്കുമ്പോഴും ഒരു തരത്തിലുള്ള മനസ് ചാഞ്ചല്യവും ഉണ്ടാകാത്തത്.