കരിപ്പൂർ വിമാന അപകടം: വില്ലനും നായകനും മഴ

single-img
8 August 2020

കരിപ്പൂരിലുണ്ടായ വിമാന അപകടം സമാനതകളില്ലാത്ത സാഹചര്യമാണ് സമ്മാനിച്ചിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകേണ്ടവരാണ് അപകടത്തിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്നതെന്നുള്ള കാര്യം വളരെ ഗുരുതരമായ പ്രതിസന്ധിയാണ് ഉയർത്തുന്നത്. എന്നാൽ ഇക്കാര്യം അറിഞ്ഞുകൊണ്ടും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട നാട്ടുകാരെ അഭിനന്ദിക്കാതിരിക്കുവാൻ ഒരിക്കലും കഴിയില്ല. നാട്ടുകാരുടെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ ദുരന്തത്തിൽ മരണസംഖ്യ ഇതിലും ഭീകരമാകുമെന്നു തന്നെയാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നതും. 

വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദുബായില്‍ നിന്നും കരിപ്പൂരിലേക്ക് യാത്രക്കാരുമായി വന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം അപകടത്തിൽ ഇതുവരെ 19 പേർ മരിച്ചു എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. മരിച്ചവരിൽ വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റനും ഉള്‍പ്പെടും. 191 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. നിരവധി പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണുള്ളത്. 

ദുബായിൽ നിന്ന് വിമാനത്തിൽ കരിപ്പൂരിൽ എത്തിയ യാത്രക്കാർ യഥാർത്ഥത്തിൽ ക്വാറൻ്റെെനിൽ പോകേണ്ടവരായിരുന്നു. എന്നാൽ ദുരന്തം ഇവരെ എത്തിച്ചത് ആശുപത്രിയിലും. രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത് നാട്ടുകാർ തന്നെ. മുന്നിൽ സംഭവിച്ച ദുരന്തം കണ്ടു കൊണ്ടിരിക്കുവാൻ അവർക്ക് കഴിയില്ലായിരുന്നു. രക്ഷാ പ്രവർത്തനങ്ങളിൽ മാത്രമല്ല നാട്ടുകാരുടെ പങ്കിളത്തമുണ്ടായത്. ആശുപത്രിയിലേക്ക് കൊണ്ടുപോയ രോഗികൾക്ക് രക്തം നൽകുവാനും നാട്ടുകാർ കൂട്ടത്തോടെ എത്തി. 

അപകട വിവരമറിഞ്ഞ് നൂറുകണക്കിനു പേര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിമാനത്താവളത്തിലേക്ക് കുതിച്ചെത്തി. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ആംബുലന്‍സുകളുടെ അഭാവമായിരുന്നു ആദ്യം രക്ഷാപ്രവര്‍ത്തകരെ കുഴക്കിയത്. ലഭ്യമായ വാഹനങ്ങളുമായി വിമാനത്താവളത്തിലേക്കെത്താന്‍ ഇതോടെ അധികൃതര്‍ സമീപവാസികളോട് അഭ്യര്‍ഥിച്ചു. പിന്നാലെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്ന് 108 ആംബുലന്‍സുകള്‍ അടക്കമുള്ളവയെല്ലാം വിമാനത്താവളത്തിലേക്ക് പാഞ്ഞെത്തുകയായിരുന്നു. 

വൈറസ് ഭീഷണിയെ അതിജീവിച്ചാണ് നാട്ടുകാര്‍ രക്ഷാപ്രവർത്തനങ്ങൾക്ക് ഇറങ്ങിയത്. വിമാനത്തില്‍ ഉണ്ടായിരുന്നവർ നിരീക്ഷണത്തിൽ പോകേണ്ട വരാണ് എന്നു് അറിഞ്ഞുകൊണ്ടു തന്നെ അവർ അവർ രക്ഷാപ്രവർത്തനങ്ങൾക്ക് തയ്യാറാകുകയായിരുന്നു. അപകടം സംഭവിച്ചതിനു പിന്നാലെ കിട്ടിയ വാഹനങ്ങളില്‍ ഭൂരിപക്ഷം യാത്രക്കാരെയും ആശുപത്രിയിലെത്തിച്ചത് ഓടിയെത്തിയ  ചെറുപ്പക്കാരാണ്. 

റണ്‍വേയില്‍ നിന്നും തെന്നിമാറി 35 അടിയോളം താഴ്ചയിലേക്ക് പതിച്ചാണ് വിമാനത്തിന് അപകടം സംഭവിച്ചത്. രണ്ടായി പിളര്‍ന്ന വിമാനത്തിന് തീപിടിക്കുവാനുള്ള സാഹചര്യവും കൂടുതലായിരുന്നു. എന്നാൽ തീപിടിച്ച് വിമാനം  പൊട്ടിതെറിക്കാതിരിക്കാന്‍ കാരണമായതും കനത്ത മഴയാണ്. 

അതേസമയം, രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ ഉള്‍പ്പെടെ കോവിഡിന്റെ കാര്യത്തില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വലിയ ആശങ്കയുണ്ടെങ്കിലും അനിവാര്യമായ രക്ഷാപ്രവര്‍ത്തനമായിരുന്നു അതെന്നാണ് അവർ അഭിപരായപ്പെടുന്നത്. 

മംഗലാപുരം വിമാനത്താവളത്തിനു സമാനമായി ടേബിള്‍ ടോപ് രീതിയിലാണ് കരിപ്പൂര്‍ വിമാനത്താവളത്തിന്റെയും നിര്‍മാണം. അതിനാല്‍ത്തന്നെ പലയിടത്തും താഴ്ചയേറിയ ഭാഗങ്ങളുണ്ട്. പത്ത് വര്‍ഷം മുന്‍പ് മംഗലാപുരത്തും സമാന രീതിയില്‍ ആഴത്തിലേക്കു വീണാണ് വിമാനം തകര്‍ന്ന് അപകടമുണ്ടായത്. 2010 മേയ് 22നാണ് മംഗലാപുരത്ത് വിമാനാപകടം സംഭവിച്ചത്. അന്ന് ദുബായില്‍നിന്ന് മംഗലാപുരത്തേക്കു വന്ന എയര്‍ ഇന്ത്യയുടെ ഫ്‌ലൈറ്റ് 812 ആണ് തകർന്നതും യാത്രക്കാർ കൊല്ലപ്പെട്ടതും.