അമ്മയേയും കുഞ്ഞിനേയും വീട്ടിൽ കയറ്റുന്നില്ല: ഭർത്താവ് ഇബ്രാഹിമിനെതിരെ പൊലീസ് കേസെടുത്തു

single-img
7 August 2020

അഞ്ചു വയസുകാരനും അമ്മയും നാലു ദിവസമായി വീട്ടുവരാന്തയിൽ അന്തിയുറങ്ങുന്നു. ഭർത്താവ് വീട് പൂട്ടി പോയതിനെ തുടർന്നാണ് ഇവർ വീടിനു വെളിയിലായത്.  എറണാകുളം നെല്ലിക്കുഴി സ്വദേശി റെജീനയും മകനെയുമാണ് ഭർത്താവ് ഇബ്രാഹാം വീട്ടിൽ കയറ്റാതെ വീടും പൂട്ടി സ്ഥലം വിട്ടത്. 

തുടർന്ന് പ്രതിഷേധമായി വീടിന് വെളിയിൽ കുത്തിയിരിക്കുകയാണ് റജീനയും മകനും. മൂവാറ്റുപുഴ മുളവൂരിലെ വീടിന് മുന്നിൽ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് റെജീനയും മകനും ഇരിക്കുന്നത്.  സംഭവത്തിൽ റെജീനയുടെ പരാതിയിൽ ഭര്‍ത്താവായ ഇബ്രാഹിമിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

കുടുംബവഴക്കിനെ തുടർന്ന് കുറച്ച് മാസങ്ങൾക്ക് മുന്‍പ് ഭർത്താവ് ഇബ്രാഹിം തന്നെ വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്ന് റെജീന ആരോപിക്കുന്നു. ഇതേ തുടർന്ന് ഇബ്രാഹിമിനെതിരെ ഗാർഹിക പീ‍ഡനത്തിന് റെജീന കോതമംഗലം കോടതിയിൽ ഹർജി നൽകി. കോടതിയുടെ ഉത്തരവ് ലംഘിച്ചാണ് ഭർത്താവ് വീട് പൂട്ടി ഇറങ്ങിയത്. 

കേസിൽ റെജീനയ്ക്ക് അനുകൂലമായാണ് വിധി വന്നത്. ഇതേത്തുടർന്ന് മൂവാറ്റുപുഴ പൊലീസ് നടത്തിയ ചർച്ചയിൽ റെജീനയെയും മകനെയും സംരക്ഷിച്ചുകൊള്ളാമെന്ന് ഇബ്രാഹിം വാക്ക് നൽകുകയും ചെയ്തിരുന്നു.

കോടതിയിൽ നിന്നും ഇരുവരും രണ്ട് വാഹനങ്ങളിലായി മുളവൂരിലെ വീട്ടിലേക്ക് തിരിച്ചുവെങ്കിലും ഇബ്രാഹിം പക്ഷേ വീട്ടിലേക്ക് എത്തിയില്ല. പൊലീസെത്തി ഇബ്രാഹിമിനെ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആണ്. തുടർന്ന് റെജീനയുടെ പരാതിയിൽ ഇബ്രാഹിമിനെതിരെ ഗാർഹിക പീഡനത്തിന് പൊലീസ് കേസെടുത്തു.