ആർഎസ്എസ് പ്രവർത്തകനായ കടവൂർ ജയനെ വധിച്ച കേസിൽ ഒൻപത് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം

single-img
7 August 2020

ആർഎസ്എസ് പ്രവർത്തകനായിരുന്ന കടവൂർ ജയനെ വധിച്ച കേസിൽ ഒൻപത് പ്രതികൾക്കും ജീവപര്യന്തം കഠിന തടവ്. കൊല്ലം ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ആർഎസ്എസിന്റെ സജീവ പ്രവർത്തകരായ വിനോദ്, ഗോപകുമാർ, സുബ്രഹ്മണ്യൻ, പ്രിയരാജ്, പ്രണവ്, അരുൺ ശിവദാസൻ, രജനീഷ്, ദിനരാജൻ, ഷിജു എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ജയൻ ആർഎസ്എസ് വിട്ടതിലുള്ള വൈരാഗ്യം മൂലമാണ് കൊലപാതകമെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ കോടതി കഴിഞ്ഞദിവസം ശരിവച്ചിരുന്നു. 

ഓരോ പ്രതിയും 71,500 രൂപ വീതം പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചു. കേസിൽ രണ്ടു പ്രതികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വീഡിയോ കോൺഫറൻസിലൂടെയാണ് കോടതി വിധി പറഞ്ഞത്. 

2012 ഫെബ്രുവരി ഏഴിനാണ് ആർഎസ്എസ് പ്രവർത്തകനായിരുന്ന കടവൂർ ജയൻ കൊല്ലപ്പെട്ടത്. കൊല്ലം കടവൂര്‍ ജങ്ഷന് സമിപം വച്ച്  ഒന്‍പത് അംഗ സംഘം പട്ടാപ്പകലാണ് ജയനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഘടന വിട്ടതിൻ്റെ വൈരാഗ്യത്തിൽ ജയനെ ആർഎസ്എസ് പ്രവർത്തകർ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.  

കേസിലെ ഒൻപത് പ്രതികളും കുറ്റക്കാരാണെന്ന് കൊല്ലം അഡീഷനൽ സെഷൻസ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഒൻപത് പേർക്കും ജീവപര്യന്തം തടവും ഓരോ ലക്ഷം രൂപയും പിഴയും കോടതി വിധിച്ചു. എന്നാൽ, ജില്ലാ കോടതി നടപടികളിൽ വീഴ്ച്ചയുണ്ടെന്ന് കാട്ടി പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

ഒന്നാം സാക്ഷിയായി അന്വേഷണ സംഘം കോടതിയില്‍ എത്തിച്ച ആള്‍ കള്ളസാക്ഷിയാണന്നും  കോടതിയില്‍ ഹാജരാക്കിയ ആയുധങ്ങള്‍ കൊലപാതകത്തിന് ഉപയോഗിച്ചതല്ലെന്നുമായിരുന്നു വാദം. പ്രതികളുടെ വാദം അംഗീകരിച്ച കോടതി കേസ് വീണ്ടും വാദം കേൾക്കാൻ നിർദേശിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ വിധി.