കടല്‍ക്കൊല: നഷ്ടപരിഹാരം നല്‍കിയ ശേഷം മാത്രം ഇന്ത്യയിലെ കേസ് അവസാനിപ്പിക്കാം: സുപ്രീം കോടതി

single-img
7 August 2020

വിവാദമായ കടല്‍ക്കൊലക്കേസില്‍ ഇന്ത്യയിൽ നടക്കുന്ന നിയമ നടപടികളില്‍ നിന്ന് ഒഴിവാകാനുള്ള ഇറ്റാലിയന്‍ നാവികരുടെ നീക്കാം വിജയിച്ചില്ല. ഇറ്റാലിയൻ നാവികരാൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയ ശേഷം മാത്രം ഇന്ത്യയിലെ കേസ് അവസാനിപ്പിക്കാന്‍ കഴിയുകയുള്ളു എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്എ ബോബ്‌ദെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ഐക്യരാഷ്ട്ര സഭയുടെ ട്രൈബ്യൂണലിന്റെ തീരുമാനം അനുസരിച്ച് കേസ് അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നൽകിയിരുന്നു. എന്നാൽ കേസിൽ പ്രതികളായ നാവികരുടെ വിചാരണ നടപടികള്‍ ഇറ്റലിയില്‍ തുടരുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നതാണ്.

കേന്ദ്ര സര്‍ക്കാര്‍ നൽകിയ അപേക്ഷ പരിഗണിച്ച കോടതി, വിധി പ്രകാരം ആദ്യം നഷ്ടപരിഹാരതുകയുടെ ചെക്കുമായി ഇറ്റലിയും അത് സ്വീകരിക്കുന്നതിനായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും എത്തട്ടെ എന്നായിരുന്നു അഭിപ്രായപ്പെട്ടത്.നാവികരാൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കൂടി കക്ഷിചേര്‍ത്ത് പുതിയ അപേക്ഷ ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കാനും കോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി .

അന്താരാഷ്‌ട്ര നിയമപ്രകാരം ഇറ്റാലിയന്‍ നാവികര്‍ക്ക് പരിരക്ഷയുണ്ടെന്നും അതുകൊണ്ടുതന്നെ അവരെ ഇന്ത്യയിലെ കോടതിയില്‍ വിചാരണ ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു ഹേഗിലെ പെര്‍മനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ (പിസിഎ) വിധി പുറപ്പെടുവിച്ചിരുന്നത്. 2012ലായിരുന്നു കേരള തീരത്ത് ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്‌സിയില്‍ നിന്നുള്ള വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത്.

സംഭവത്തിൽ ഇറ്റാലിയന്‍ നാവികരായ സാല്‍വത്തോര്‍ ജിറോണ്‍, മാസിമിലിയാനോ ലാത്തൊറെ എന്നിവരെ കേരള പോലീസ് അറസ്റ്റു ചെയ്‌തെങ്കിലും കേസെടുക്കാന്‍ കേരള പോലീസിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ സുപ്രീം കോടതിയെയും പിന്നീട് രാജ്യാന്തര കോടതിയെയും സമീപിക്കുകയായിരുന്നു.