കാശിയേയും മഥുരയേയും മോചിപ്പിക്കും: അഖില ഭാരതീയ അഖാഡ പരിഷത്തിൽ തീരുമാനം

single-img
7 August 2020

 അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനു കളമൊരുങ്ങിയതിലൂടെ ഇനി ശ്രദ്ധ കാശിയും മഥുരയും ‘മോചിപ്പിക്കാനെന്ന്’ സന്യാസിമാരുടെ ഉന്നത സമിതിയായ അഖില ഭാരതീയ അഖാഡ പരിഷത്ത്. ദീര്‍ഘകാലത്തെ പോരാട്ടത്തിനു ശേഷം അയോധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിനു തുടക്കമിടാനായത് ആശ്വാസകരമാണെന്ന് എബിഎപി പ്രസിഡന്റ്  മഹന്ത് നരേന്ദ്ര ഗിരി പറഞ്ഞു.

”കാശിയിലും മഥുരയിലും സനാതന ധര്‍മത്തിന്റെ പതാക പാറിക്കണമെന്നാണ് ഞങ്ങളുടെ അടുത്ത ആവശ്യം. അതിനായി അഖാഡ പരിഷത്ത് എന്തും ചെയ്യും. ഭരണഘടന നല്‍കുന്ന പരിധിക്ക് അകത്തു നിന്നായിരിക്കും അഖാഡ പരിഷത്തിന്റെ പോരാട്ടമെന്ന് നരേന്ദ്ര ഗിരി പറഞ്ഞു.

കാശി, മഥുര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി സന്യാസിമാര്‍ ഉടന്‍ യോഗം ചേരുമെന്ന് പരിഷത്ത് അറിയിച്ചു. ഹിന്ദുക്കളെ സംബന്ധിച്ച് പ്രധാനമാണ് ഈ രണ്ടു സ്ഥലങ്ങളും, അവയെ മോചിപ്പിക്കേണ്ടതുണ്ട്- മഹേന്ദ്ര ഗിരി പറഞ്ഞു.

രാമരാജ്യത്തില്‍ വിശ്വസിക്കുന്ന ഏവരെയും സംബന്ധിച്ച് പുതിയൊരു പ്രഭാതമായിരിക്കും അയോധ്യയിലെ ക്ഷേത്ര നിര്‍മാണമെന്ന് അഖാഡ പരിഷത്ത് അഭിപ്രായപ്പെട്ടു.