കുടകില്‍ കനത്ത മഴ; മണ്ണിടിച്ചിലിൽ നാല് പേരെ കാണാതായി

single-img
6 August 2020

കര്‍ണാടകയിലെ കുടകില്‍ കനത്ത മഴ തുടരുകയാണ്. മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നാലുപേരെ കാണാതായിട്ടുണ്ട്. പ്രദേശത്തെ ബാഗമണ്ഡലക്കടുത്ത തലക്കാവേരിയിലെ പ്രശ്‌സ്തമായ ക്ഷേത്രത്തിനടുത്താണ് അപകടമുണ്ടായിരിക്കുന്നത്. ഇവിടെയുണ്ടായിരുന്ന മല ഇടിഞ്ഞുവീണ് ക്ഷേത്രത്തിലെ ജീവനക്കാരെയാണ് കാണാതായത്.

അപകടത്തില്‍ മൂന്നു വീടുകള്‍ തകര്‍ന്നു. ദേശീയദുരന്ത നിവാരണ സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് ഇപ്പോള്‍ മണ്ണിനടയില്‍പെട്ടവരെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നത്. അപകട വിവരം അറിഞ്ഞ് ജില്ലാ കളക്ടറും ജില്ലാ പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. അവസാന മൂന്നു ദിവസമായി ശക്തമായ മഴയാണ് ഇവിടെ പെയ്യുന്നത്.

ശക്തമായ മഴയില്‍ കാവേരി പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് വീരാജ്‌പേട്ട മടിക്കേരി റോഡിലെ പ്രധാന പാലം വെള്ളത്തിനടിയിലായിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെടുകയും ചെയ്തു. ഇപ്പോള്‍ കർണാടകത്തിലെ ഏഴു ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.