മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് കോവിഡ് എന്ന് വ്യാജ പ്രചാരണം; കേരള ഡിജിപിക്ക് പരാതി നല്‍കി മിസോറാം രാജ്ഭവൻ

single-img
6 August 2020

മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരൻ പിള്ളയ്ക്ക് കോവിഡ് ആണെന്ന വ്യാജപ്രചാരണത്തിനെതിരെ മിസോറാം രാജ്ഭവന്‍ പരാതി നൽകി. സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന അടിസ്ഥാനരഹിതമായ പ്രചരണങ്ങൾക്കെതിരെ കേരളത്തിന്റെ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും പരാതി നല്‍കിയതായി മിസോറാം രാജ്ഭവന്‍ സെക്രട്ടറി ലാല്‍തോങ്‌മോയ അറിയിച്ചു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശം കണ്ട് സുഹൃത്തുക്കളും ബന്ധുകളും ആശങ്കകള്‍ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് പരാതിനല്‍കാന്‍ തീരുമാനിച്ചതെന്ന് പി എസ് ശ്രീധരന്‍ പിള്ള പറയുന്നു. തനിക്കെതിരെ വ്യാജപ്രചാരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതായും അദ്ദേഹം പറയുന്നു.

ശ്രീധരന്‍ പിള്ള ഗവര്‍ണറായി ചുമതലയേറ്റതിന് ശേഷം ഗവര്‍ണര്‍ക്ക് ഒരവസരത്തിലും വൈദ്യസഹായം തേടേണ്ടിവന്നിട്ടില്ലെന്നും മിസോറാം രാജ്ഭവന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതുപോലുള്ള വ്യാജവാര്‍ത്തകള്‍ ദുരുദ്ദേശവും ദൗര്‍ഭാഗ്യകരവുമാണ്. ഇവയുടെ പിന്നില്‍ എതോ കുത്സിത ശക്തികളാണ് എന്ന് സംശയിക്കുന്നതായും വ്യാജവാര്‍ത്ത ആരും വിശ്വസിക്കരുതെന്നും മിസോറാം രാജ്ഭവന്‍ അറിയിക്കുന്നു.

മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസം കേരളത്തില്‍ ചില സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളില്‍ വന്ന പ്രചാരണം.അദ്ദേഹത്തിന് കരള്‍ സംബന്ധമായ അസുഖം ഉള്ളതിനാല്‍ സ്ഥിതി അല്‍പം ഗുരുതരമാണെന്നും എല്ലാവരും പ്രാര്‍ഥിക്കണമെന്നുമായിരുന്നു ഈ സന്ദേശത്തിലെ പ്രചാരണം.