വിവാഹത്തെക്കാള്‍ കൂടുതല്‍ കുവൈറ്റില്‍ നടക്കുന്നത് വിവാഹമോചനങ്ങള്‍; കണക്ക് പുറത്ത് വിട്ട് അറബ് ടൈംസ്

single-img
5 August 2020

ലോക്ക് ഡൗണും നിയന്ത്രങ്ങളും വന്നതാകാം, അറബ് രാജ്യമായ കുവൈറ്റില്‍ കഴിഞ്ഞ ജൂലൈയില്‍ വിവാഹത്തെക്കാള്‍ കൂടുതല്‍ നടന്നത് വിവാഹമോചനങ്ങള്‍. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മാസത്തില്‍ വിവാഹത്തെക്കാള്‍ കൂടുതല്‍ വിവാഹ മോചനങ്ങള്‍ നടക്കുന്നത് എന്ന് കണക്കുകൾ പറയുന്നു.
രാജ്യത്തെ ലീഗല്‍ ഡോക്യുമെന്റ് ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ കണക്കുകള്‍ പ്രകാരം 622 വിവാഹങ്ങളാണ് കഴിഞ്ഞ മാസം നടന്നത്.

എന്നാൽ ഇതേ കാലയളവിൽ തന്നെ 818 വിവാഹമോചനങ്ങളും നടക്കുകയുണ്ടായി. ലോക്ക്ഡൗണ്‍ നിലനിന്ന കാലയളവില്‍ കുടുംബത്തില്‍ തന്നെ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വന്നത് ദാമ്പത്യത്തിൽ തര്‍ക്കങ്ങള്‍ കൂടാൻ കാരണമായതായി വിദഗ്ധരെ ഉദ്ധരിച്ചുള്ള ‘അറബ് ടൈംസി’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മാത്രമല്ല, കൊവിഡ് കാലത്ത് വിവാഹങ്ങളും പൊതുവെ കുറവായിരുന്നു. പലർക്കും ജോലി നഷ്ടമായതോ, താൽക്കാലികമായി ഇല്ലാതാവുകയോ ചെയ്തത് കാരണമുള്ള സാമ്പത്തിക പ്രതിസന്ധികള്‍ മൂലമുണ്ടായ മാനസിക സമ്മര്‍ദ്ദം കുടുംബങ്ങളെ ബാധിച്ചതായും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

2019 ൽ കുവൈറ്റിൽ നടന്ന വിവാഹങ്ങളില്‍ പകുതിയോളം വിവാഹ മോചനത്തില്‍ അവസാനിക്കുകയായിരുന്നു. രാജ്യത്തെ സംബന്ധിച്ച് വിവാഹമോചനങ്ങള്‍ കൂടുന്നതും വിവാഹങ്ങള്‍ കുറയുന്നതും കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നിലവിലെ പ്രത്യേക സാഹചര്യം മൂലമാണെന്നും ഇതില്‍ ഒട്ടും തന്നെ ആശങ്കപ്പെടേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.