ഗ്രീൻ കാര്‍ഡ്, എച്ച്1ബി വിസ, കുടിയേറ്റക്കാരെ മുന്നിൽ കണ്ട് ഡെമോക്രാറ്റിക് പാർട്ടിയുടെ ‘പാർട്ടി പ്ലാറ്റ്ഫോം’

single-img
5 August 2020

പൊതുതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അമേരിക്കയിൽ സുപ്രധാന പ്രഖ്യാപനങ്ങളുമായി ഡെമോക്രാറ്റിക് പാർട്ടി പ്ലാറ്റ്ഫോമിന്റെ കരട് പ്രസിദ്ധീകരിച്ചു. ഗ്രീൻ കാർഡ്, എച്ച്1ബി വീസ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തങ്ങളുടെ നിലപാട് വ്യക്തമാകുകയാണ് ഡെമോക്രാറ്റിക് പാർട്ടി.

ഈ വരുന്ന നവംബറിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ എച്ച്1ബി വീസ വിതരണം പുനരാരംഭിക്കുമെന്ന് ഡെമോക്രാറ്റിക് പാർട്ടി പ്ലാറ്റ്ഫോമിൽ പറയുന്നു . ഐടി മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ ഏറ്റവും കൂടുതൽ അപേക്ഷിക്കുന്നത് എച്ച്1ബി വീസയ്ക്കാണ്. സാങ്കേതിക വൈദഗ്ധ്യം വേണ്ട തൊഴിൽമേഖലകളിൽ യുഎസ് കമ്പനികൾക്ക് വിദേശികളെ ജോലിക്കുവയ്ക്കാൻ വഴിയൊരുക്കുന്നതാണ് ഇത്.

തൊഴിൽ വിപണിക്ക് ആവശ്യമായ രീതിയിൽ സ്ഥിര തൊഴിൽ അടിസ്ഥാനമാക്കിയുള്ള കുടിയേറ്റത്തിനു വീസ നൽകുന്നതിനെ ഡെമോക്രാറ്റിക് പാർട്ടി പിന്തുണയ്ക്കുന്നു. രാജ്യത്തേക്ക് പ്രതിഭകളെ ആകർഷിക്കാനും നിലനിർത്താനും ഞങ്ങൾ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ പുതിയ കുടിയേറ്റക്കാർക്ക് ഗ്രീൻ കാർഡുകൾ മരവിപ്പിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നിയമം ഡെമോക്രാറ്റുകൾ അവസാനിപ്പിക്കുകയും പകരം ഉപകാരപ്രദമായ രീതിയിൽ പരിഷ്കരിക്കുകയും ചെയ്യുമെന്നും ഡെമോക്രാറ്റിക് പാർട്ടി തങ്ങളുടെ പ്ലാറ്റ്ഫോമിൽ വ്യക്തമാക്കുന്നു.

പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റ സമ്പ്രദായത്തിലെ നിയമവിരുദ്ധമായ മാറ്റങ്ങളെ ഡെമോക്രാറ്റുകൾ നിഷ്കരുണം എതിർക്കുന്നു. യുഎസ് പൗരത്വം നൽകുന്നതിലെ അന്യായമായ തടസ്സങ്ങൾ ഇല്ലാതാക്കുകയും ഇമിഗ്രേഷൻ പ്രക്രിയകൾ വേഗത്തിലും കാര്യക്ഷമമായും ചെലവ് കുറഞ്ഞതായും നടത്തുമെന്നാണ് ഡെമോക്രാറ്റിക് പ്ലാറ്റ്ഫോം വ്യക്തമാക്കുന്നത്.