സംസ്ഥാനത്തിന്റെ കോ​വി​ഡ് പ്ര​തി​രോ​ധം ത​ക​ർ​ക്കാന്‍ കു​ത്തി​ത്തി​രു​പ്പു​ക​ളും കൊ​ണ്ടു​വ​ര​രു​ത്; പ്രതിപക്ഷത്തോട് മുഖ്യമന്ത്രി

single-img
5 August 2020

സംസ്ഥാനത്തെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വിജയകരമായി നടപ്പാക്കാന്‍ പോലീസിനെ ഏ​ല്‍​പ്പി​ച്ച ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേരളത്തില്‍ കോ​വി​ഡ് വ്യാ​പ​നം ഏ​തു വി​ധേ​ന​യും വ​ലി​യ തോ​തി​ലാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് മാത്രമാണ് ഇ​ത്ത​ര​ത്തി​ൽ ചി​ന്തി​ക്കാ​ൻ സാ​ധി​ക്കൂ എന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സംസ്ഥാനത്ത് ഇപ്പോള്‍‌ രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ ഘ​ട്ട​മാ​ണ് നിലവിലുള്ളത്. രോഗികള്‍ കൂടുന്നതിനാല്‍ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ ജോ​ലി ഭാ​രം വര്‍ദ്ധിക്കുകയും ചെയ്തു. അത് ല​ഘൂ​ക​രി​ക്കാ​നാ​ണ് പോലീ​സി​നെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. രോഗ ബാധിതരുടെ കോ​ണ്ടാ​ക്ട് ട്രേ​സിം​ഗ് ഉ​ൾ​പ്പെ​ടെ ശ​രി​യാ​യി ചെ​യ്യാ​ൻ സാ​ധി​ക്കു​ക പോ​ലീ​സി​നാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ഏര്‍പ്പെടുന്നവരില്‍ ത​ങ്ങ​ൾ​ക്ക് സ്വാ​ധീ​ന​മു​ള്ള ആ​ളു​ക​ളെ അ​ട​ർ​ത്തി​മാ​റ്റാ​ൻ പ്ര​തി​പ​ക്ഷം ശ്രമം നടത്തുകയാണ്. ഈ നടപടി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ക​രി​ൽ സം​ശ​യം ഉ​ള​വാ​ക്കു​ക​യും അവരെ സ​ജീ​വ​മാ​കാതി​രി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ക​യും ചെയ്യുന്നുണ്ട്. ഇത്തരം ഒരു ​ഘ​ട്ട​ത്തി​ൽ ഇ​താ​ണോ പ്ര​തി​പ​ക്ഷം ചെ​യ്യേ​ണ്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദിക്കുന്നു.

എന്നാല്‍ ജ​ന​ങ്ങ​ൾ‌ കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്നും വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് പ​ക​രം തെ​റ്റാ​യ പ്ര​ച​ര​ണ​വും കോ​വി​ഡ് പ്ര​തി​രോ​ധം ത​ക​ർ​ക്കാ​നു​ള്ള കു​ത്തി​ത്തി​രു​പ്പു​ക​ളും കൊ​ണ്ടു​വ​ര​രു​ത് എന്നും മുഖ്യമന്ത്രി പറഞ്ഞു. അതേപോലെ തന്നെ കെ​ട്ടു​ക​ഥ​ക​ൾ ചു​മ​ന്ന് കൊ​ണ്ടു​വ​രു​ന്ന​വ​ർ അ​തി​ന്‍റെ ഭാ​രം സ്വയം പേ​റേ​ണ്ടി​വ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി മുന്നറിയിപ്പ് നല്‍കി.