ട്രഷറി തട്ടിപ്പ് കേസിൽ കുറ്റം സമ്മതിച്ച് ബിജുലാല്‍, 2 കോടിക്കു പുറമെ 74 ലക്ഷവും തട്ടിയെടുത്തുവെന്ന് മൊഴി

single-img
5 August 2020

വഞ്ചിയൂരിലെ ട്രഷറി തട്ടിപ്പിൽ നിർണായക വിവരങ്ങൾ പുറത്ത് . മുഖ്യ പ്രതി ബിജുലാലിന്റെ കുറ്റസമ്മതം, താൻ രണ്ട് കോടി രൂപ തട്ടുന്നതിന് മുൻപ് 74 ലക്ഷം തട്ടിയെടുത്തതായി ജില്ലാ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.

മുൻ ട്രഷറി ഓഫീസറാണ് പാസ് വേഡും യൂസർ നെയിമും നൽകിയതെന്നും ബിജു അന്വേഷണ സംഘത്തിന് മുൻപാകെ വെളിപ്പെടുത്തി. റമ്മി കളിച്ചു, ഭൂമിയും സ്വര്‍ണവും വാങ്ങിയെന്നും മൊഴി . അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്.

നാലു ദിവസത്തെ ഒളിച്ചു കളിയ്ക്കു ശേഷം ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാല്‍ ഇന്ന് കീഴടങ്ങുമെന്ന അഭ്യൂഹം രാവിലെ മുതല്‍ തന്നെ ഉണ്ടായിരുന്നു.തുടർന്ന് അഭിഭാഷകന്‍ പൂന്തുറ സോമന്‍റെ ഓഫിസില്‍ ബിജുലാല്‍ എത്തിയെന്നറിഞ്ഞ് മാധ്യമങ്ങളും സ്ഥലത്തെത്തുകയായിരുന്നു. കോടതിയില്‍ കീഴടങ്ങുകയായിരുന്നു ബിജുവിന്‍റെ ലക്ഷ്യമെങ്കിലും ഇതിനു മുമ്പു തന്നെ അറസ്റ്റ് നടന്നു. അറസ്റ്റിനു പിന്നാലെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ബിജുവിനെ എത്തിച്ച് കൊവിഡ് പരിശോധന നടത്തി. നാളെയാകും കോടതിയില്‍ ഹാജരാക്കുക.